
തൃശൂർ: മൂന്ന് വർഷത്തിനിടെ കൃഷിച്ചെലവ് 30 ശതമാനത്തിലേറെ വർദ്ധിച്ചപ്പോൾ 2021-22 മുതൽ ഇതുവരെ സംസ്ഥാനം നൽകുന്ന സബ്‌സിഡിത്തുകയിൽ കുറച്ചത് 2.43 രൂപ. ഉയർന്ന നെൽവില കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ സബ്‌സിഡി കുറയ്ക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൃഷിച്ചെലവിലുണ്ടായ വൻ വർദ്ധന കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കർഷകരുടെ പരാതി.
എന്നാൽ നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും ഇതിനുപുറമേ നെല്ല് അരിയാക്കുന്നതിന് ചെലവാകുന്ന തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നുമായിരുന്നു നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. നെല്ലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവിലയേക്കാൾ അധികം തുക, കേരളം സ്വന്തം നിലയ്ക്കാണ് നൽകുന്നതെന്നും കേന്ദ്രത്തിൽ നിന്നുള്ള തുകയ്ക്ക് കാത്തുനിൽക്കാതെ തന്നെ കർഷകന്റെ അക്കൗണ്ടിൽ മുഴുവൻ തുകയും ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനായി ബാങ്കുകൾ വഴി പി.ആർ.എസിലൂടെ അഡ്വാൻസായി നൽകുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കൃഷിച്ചെലവ് ഇനിയും കൂടും
കൂലിയും വളത്തിന്റെ വിലയും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃഷിച്ചെലവ് താങ്ങാനാവുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ ഒന്നും പറയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2015 മുതലുള്ള കണക്കനുസരിച്ച് കേന്ദ്രം 7.73 രൂപ കൂട്ടിയപ്പോളാണ് കേരളം സബ്‌സിഡിയിൽ കുറവ് വരുത്തിയത്. 2019-20 കാലത്ത് 8.80 രൂപ വരെ കേരളം സബ്‌സിഡി നൽകിയിരുന്നു. എന്നാൽ ആനുപാതികമായി വർദ്ധന ഉണ്ടായില്ല.
ചെലവ് കൂടിയത്
കൂലി, വളത്തിന്റെ വില, ട്രാക്ടർ പോലുള്ള യന്ത്രസാമഗ്രികളുടെ വാടക
നിലവിൽ ഒരു കിലോയ്ക്ക് കർഷകന് കിട്ടുന്നത്: 28.20 രൂപ
കേരളം നൽകുന്നത്: 6.37 രൂപ.
കേന്ദ്രം: 21.83 രൂപ.
കേരളത്തിൽ നെൽക്കൃഷി:
2016 ൽ 1.7 ലക്ഷം ഹെക്ടർ
2023ൽ 2.5ലക്ഷം ഹെക്ടർ
ഏഴ് വർഷം കൊണ്ട് നെല്ലിന്റെ ഉത്പാദന ക്ഷമത വർദ്ധിച്ചത്: ഹെക്ടറിന് 2.54 ടണ്ണിൽ നിന്ന് 4.56 ടൺ
2022-23 ൽ സംഭരിച്ചത്: 3,06,533 കർഷകരിൽ നിന്ന് 7,31,183 മെട്രിക് ടൺ നെല്ല്
വില വിതരണം ചെയ്തത്: 2061.9 കോടി
ഉപവസിച്ച് കർഷകർ
ജില്ലാ കോൾകർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോൾ കർഷകർ കളക്ടറേറ്റ് പടിക്കൽ ഉപവസിച്ചു. നെൽവിലയിൽ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, ചാലുകളിൽ നിന്ന് ചണ്ടി നീക്കാനായി ബഡ്ജറ്റ് വിഹിതം അനുവദിക്കുക, നെല്ലിന്റെ സംഭരണവില വായ്പയായി നൽകുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കർഷകരുടെ പ്രതിസന്ധി കൂടിവരികയാണ്. സമരം സംസ്ഥാനവ്യാപകമായി നടത്തുന്നതിനെക്കുറിച്ചും ആലോചിക്കും.
കെ.കെ.കൊച്ചു മുഹമ്മദ്
പ്രസിഡന്റ്, ജില്ലാ കോൾ കർഷക സംഘം.