തളിക്കുളം ബ്ലോക്ക് ഓഫീസിനു സമീപം അബാബിൽ ഓഡിറ്റോറിയത്തിൽ നിന്നും മലിനജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നു.
തൃപ്രയാർ : ഭക്ഷണാവശിഷ്ടങ്ങൾ കലർന്ന മലിനജലം പഞ്ചായത്ത് തോട്ടിലേയ്ക്ക് ഒഴുക്കിവിട്ടത് കണ്ടെത്തിയതിനെത്തുടർന്ന് തളിക്കുളം ബ്ലോക്ക് ഓഫീസിന് സമീപത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് ആരോഗ്യവകുപ്പ് പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. മലിന ജലം തള്ളുന്നത് മൂലം പട്ടാപ്പകൽ മൂക്ക് പൊത്തേണ്ടി വന്ന പ്രദേശവാസികൾ പഞ്ചായത്ത് അംഗത്തേയും തുടർന്ന് ആരോഗ്യ വകുപ്പിനേയും അറിയിച്ചു. പ്രശ്‌നം നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെട്ടതോടെ ഹെൽത്ത് ഇൻസ്‌പെക്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉൾപ്പെടെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി.
ബ്ലോക്ക് ഓഫീസിനു സമീപം അബാബിൽ പാലസിൽ നിന്നാണ് വെള്ളം ഒഴുക്കിവിട്ടത്. നാട്ടിക പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിന് പുറകിൽ നാട്ടിക- തളിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊതു തോട്ടിലേയ്ക്കാണ് കരിങ്കൽ ഭിത്തിക്കിടയിലൂടെ മലിന ജലം ഒഴുക്കിവിട്ടത്. മഴവെള്ളം തോട്ടിലേയ്ക്ക് ഒഴുകിപ്പോകാൻ സ്ഥാപിച്ചിട്ടുള്ള പൈപ്പിനടുത്ത് കൂടിയാണ് മലിനജലം ഒഴുകുന്നത്. മുമ്പ് രാത്രികളിൽ വലിയ ദുർഗന്ധത്തോടെ വെള്ളം ഒഴുക്കിവിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ദുർഗന്ധം സഹിക്കാനാകാതെ തോട്ടിലേയ്ക്ക് നോക്കിയ നാട്ടുകാർക്ക് തോട്ടിൽ മലിന ജലം കെട്ടിക്കിടക്കുന്നതാണ് ആദ്യം കാണാനായത്. ഭിത്തിക്കിടയിലൂടെ ശക്തിയായി വെള്ളം വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തളിക്കുളം പഞ്ചായത്ത് ഏഴാം വാർഡംഗം സി.കെ. ഷിജിയെ വിവരമറിയിച്ചു. ഷിജി സ്ഥലത്തെത്തി ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാറിനേയും നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബുവിനേയും വിളിച്ചുവരുത്തി. തളിക്കുളം പഞ്ചായത്ത് അഞ്ചാം വാർഡംഗം വിനയപ്രസാദും സ്ഥലത്തെത്തി. ട്രീറ്റ്‌മെന്റ് പ്ലാന്റും മലിന ജലം ഒഴുക്കിവിടുന്നതും പരിശോധിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ഓഡിറ്റോറിയം അധികൃതരോട് എൻജിനീയറെ എത്തിച്ച് വെള്ളം പോകുന്ന വഴികളെല്ലാം തുറന്ന് കാണിക്കാനും അതുവരേയ്ക്കും പ്രവർത്തനം നിറുത്തിവയ്ക്കാനും നിർദ്ദേശം നൽകി.