school

തൃശൂർ: സംഘാടക പിഴവിനാൽ തകിടം മറിഞ്ഞ സ്‌കൂൾ കലോത്സവ ഫലം കോടതി കയറുന്നു. ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകമാണ് ഹൈക്കോടതിയിലേയ്‌ക്കെത്തുന്നത്. ആദ്യം ഒന്നാമതെത്തിയ മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ് തങ്ങളെ പുനർമൂല്യ നിർണ്ണയത്തിൽ തഴഞ്ഞത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ എട്ടിനായിരുന്നു ചവിട്ടുനാടകമത്സരം. ഫലം വന്നപ്പോൾ അഞ്ചാം നമ്പറായി വേദിയിലെത്തിയ മതിലകം സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.

രാത്രി 11.25നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഴി മത്സരം റദ്ദാക്കിയെന്നും പിറ്റേന്ന് സാങ്കേതികപ്പിഴവ് പരിഹരിച്ച് നടത്തുമെന്നും സ്‌കൂൾ അധികൃതരെ അറിയിച്ചത്. എന്നാൽ കലോത്സവ മാനുവൽ പ്രകാരം മത്സരത്തിന്റെ പുനരവതരണവും പുനർമൂല്യ നിർണയവും പാടില്ലെന്ന് സ്‌കൂൾ പി.ടി.എയും സ്‌കൂൾ അധികൃതരും അറിയിച്ചപ്പോൾ തക്കതായ പരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതായി പ്രിൻസിപ്പൽ എ.പി.ലാലി പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് മത്സരിച്ച ആറ് ടീമുകളെയും വിളിച്ച് പുനർമൂല്യനിർണ്ണയം നടത്താൻ സംഘാടകസമിതി തീരുമാനിച്ചു. പുനർമൂല്യ നിർണയ തീരുമാനം അറിയിച്ചതിന് തൊട്ടുപിന്നാലെ പുതിയ വിധികർത്താക്കളുമെത്തിയെന്ന് സ്‌കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും പറയുന്നു.

മത്സരം റദ്ദാക്കിയതെന്തിനെന്ന് അറിയില്ല

മത്സരം റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും സംഘാടക സമിതിക്ക് വ്യക്തതയില്ല. വിധികർത്താക്കൾക്ക് ചവിട്ടുനാടകം അറിയില്ലെന്നതായിരുന്നു പ്രധാന ആരോപണം. മൂന്ന് വിധികർത്താക്കളിൽ രണ്ട് പേർ മാർഗ്ഗം കളിയുമായി ബന്ധപ്പെട്ടവരായിരുന്നു. ഒരാൾ മാത്രമാണ് ചവിട്ടുനാടകം ചെയ്യുന്നത്. എന്നാൽ വിധികർത്താക്കളുടെ പേരുകൾ മത്സരത്തിന് മുൻപ് പ്രഖ്യാപിച്ചപ്പോൾ ആരും പരസ്യമായി എതിർപ്പ് അറിയിച്ചില്ല. രണ്ടാമത് ഫലം വന്നപ്പോൾ മതിലകം സ്‌കൂളിന് സമ്മാനമില്ലായിരുന്നു. അപ്പീൽ നൽകിയാൽ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാമെന്നായിരുന്നു മറുപടി. എന്നാൽ അതിന് താത്പര്യമില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ക്വാളിറ്റിയില്ലാത്ത വീഡിയോ ഫൂട്ടേജ് നിരീക്ഷിച്ച് നടത്തിയ വിധിനിർണ്ണയം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പി.ടി.എ പ്രസിഡന്റ് കെ.വൈ.അസീസ്, കൺവീനർ കെ.പി.ഗ്രേസ്, പരിശീലകൻ കെ.ജെ.ഷിബു, മത്സരാർത്ഥി ഇ.ബി.ആശ്മിൻ എന്നിവരും പങ്കെടുത്തു.