
തൃശൂർ: കേരളത്തിലെ നിലവിലെ സാഹചര്യം പരിഗണിക്കാതെ മെഡിക്കൽ ലബോറട്ടറികളുടെ സ്ഥല വിസ്തീർണ്ണം നിശ്ചയിച്ചതിനെത്തുടർന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കേരള പാരാമെഡിക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ലബോറട്ടറികൾ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രസിദ്ധീകരിച്ചത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡ് ചട്ടത്തിൽ മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രസിദ്ധീകരിച്ച നിശ്ചിത യോഗ്യത വേണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് കോഴ്‌സാണെന്ന് പറഞ്ഞിട്ടില്ല. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം ടെക്‌നീഷ്യൻമാരും ഉത്തരം നിയമനിർമ്മാണം വരുന്നതിന് സ്വകാര്യ മേഖലയിൽ നിന്ന് പഠനം പൂർത്തീകരിച്ച് നിശ്ചിത കാലയളവിൽ പരിശീലനവും പൂർത്തിയാക്കി തൊഴിൽ ചെയ്യുന്നവരും അതുവഴി ഉപജീവനം കണ്ടെത്തുന്നവരുമാണെന്ന് സി.ബാലചന്ദ്രൻ പറഞ്ഞു.
മേയ് 31ന് മന്ത്രി വീണാ ജോർജ്ജ് മേഖലയിലെ സംഘടനകളുടെ യോഗം വിളിച്ചെങ്കിലും യോഗത്തിന്റെ പൊതുവികാരം കണക്കിലെടുക്കാതെയാണ് മുന്നോട്ടുപോകുന്നത്. ഇതിനെതിരെ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പതിനൊന്നിന് തൃശൂർ ഡി.എം.ഒ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തും. എം.വി അശ്വതി, പ്രമീള ദിലീപ്കുമാർ, കെ.എസ് ഷാജു, ഷേർലി പ്രേമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.