തൃശൂർ: കുടുംബശ്രീ സംസ്ഥാനതല ത്രിദിന സാഹിത്യ ശിൽപ്പശാല 'സർഗം 2023' ന് തുടക്കം. മുളങ്കുന്നത്തുകാവ് കിലയിൽ നടക്കുന്ന പരിപാടി സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. അനേകം തലമുറകളിലൂടെ കൈമാറിവന്ന ഭാഷ സംവേദനക്ഷമമാകുന്നിടത്താണ് മറ്റുള്ളവരുടെ അനുഭവം അതേ അർത്ഥത്തിൽ ഉൾക്കൊള്ളുന്നതെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു.
കുടുംബശ്രീ വനിതകൾക്ക് സർഗശേഷി വളർത്തുന്നതിനും സാഹിത്യ മേഖലയിൽ നൂതന ആശയങ്ങളും അറിവും നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സാഹിത്യ അക്കാഡമിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും സഹകരിച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു അദ്ധ്യക്ഷയായി. പബ്ലിക് റിലേഷൻസ് ഓഫീസർ നാഫി മുഹമ്മദ്, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ, ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. എ. കവിത തുടങ്ങിയവർ പങ്കെടുത്തു.