പുത്തൻചിറ: മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സ്വർണ മോതിരം ഉടമസ്ഥന് തിരിച്ചുനൽകി പുത്തൻചിറ പഞ്ചായത്ത് ഹരിത കർമ്മ സേനാ പ്രവർത്തകർ. വാർഡുകളിൽ നിന്നും തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ എം.സി.എഫിൽ എത്തിച്ച് തെരയുന്നതിനിടയിലാണ് ഹരിതകർമ്മ സേനാ അംഗം നളിനിക്ക് അപ്രതീക്ഷിതമായാണ് ഒരു സ്വർണ മോതിരം ലഭിച്ചത്. മോതിരം ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർക്ക് നൽകുകയും പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബിയെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറാം വാർഡിലെ അഞ്ചേരി ഡേവിസിന്റെ ഒരു പവനോളം തൂക്കം വരുന്ന വിവാഹ മോതിരമാണ് ഇതെന്ന് അറിയുന്നത്. തുടർന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് മോതിരം ഉടമ ഡേവിസ്- ലിനി ദമ്പതികൾക്ക് കൈമാറി. ഹരിത കർമ്മ സേന അംഗം നളിനിയെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സംഗീത അനീഷ്, വാർഡ് മെമ്പറായ വി.എൻ. രാജേഷ്, പത്മിനി ഗോപിനാഥ്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ നസീമ എന്നിവർ പങ്കെടുത്തു.