drama

തൃശൂർ: വേലിയേറ്റത്തിൽ വെള്ളം കയറി വീടും സസ്യജാലങ്ങളും നശിച്ചുപോകുന്ന പുത്തൻവേലിക്കരയിലെ തുരുത്തിപ്പുറം, വെള്ളോട്ടുപുറം നാടുകളുടെ ജീവിതം കാണിക്കുന്ന 'ചെവിട്ടോർമ' നാടകം നാഷനൽ സ്‌കൂൾ ഒഫ് ഡ്രാമ 2024ൽ ഡൽഹിയിൽ നടത്തുന്ന ഭാരത് രംഗ് മഹോത്സവിൽ (ഇന്റർ നാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഒഫ് ഇന്ത്യ) അരങ്ങേറുന്നു. മലയാളത്തിലെ രണ്ട് നാടകങ്ങൾക്ക് മാത്രമാണ് പ്രദർശനാനുമതി.

വിവിധ സംസ്ഥാനങ്ങളിലെ നാടകങ്ങളും മറ്റ് കലാരൂപങ്ങളും അരങ്ങേറുന്ന പ്രദർശന വേദിയാണിത്. തുറന്ന വേദിയിൽ ഒരുക്കിയ 24 അടി നീളവും 12 അടി വീതിയുമുള്ള വാട്ടർ ടാങ്കിൽ വീടിന്റെ ഉൾപ്പെടെ സെറ്റിട്ടാണ് അവതരണം. വെള്ളത്തിൽ ചവിട്ടി നിന്നാണ് നാട്ടുകാരായ അഭിനേതാക്കൾ തങ്ങളുടെ നേരനുഭവം പറയുന്നത്. എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയവും ഇക്വിനോട്ടും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസും ദുരന്തനിവാരണ അതോറിറ്റിയും പുത്തൻവേലിക്കര കമ്യൂണിറ്റി റിസോഴ്‌സ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച നാടകം ജലം തിയേറ്റർ കമ്പനിയാണ് അരങ്ങിലെത്തിക്കുന്നത്.

ഭാവനയല്ല, യാഥാർത്ഥ്യം

ഭാവനകളില്ലാതെ ജീവിതയാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് 'ചെവിട്ടോർമ' നാടകം. നേരം പുലരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ വെള്ളത്തിൽ ജീവിക്കേണ്ടിവരുന്ന കൂലിപ്പണിക്കാരും തൊഴിലാളികളുമായ സാധാരണ ജനതയുടെ നിത്യജീവിതത്തിലെ ദുരിതങ്ങളാണ് നാടകത്തിൽ ആവിഷ്‌കരിക്കുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ രൂക്ഷമാകുന്ന വേലിയേറ്റം കാരണം ഉപ്പുവെള്ളം കയറി വീടുകളുടെ ഭിത്തി ഉള്ളിലേക്ക് തള്ളിപ്പോകും. പലരും വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറി. ജീവിതം തന്നെ അസഹ്യമായപ്പോഴാണ് നാടകവേദിയിലേക്ക് നാട്ടുകാരെത്തിയത്.

മുംബയിലേക്കും ക്ഷണം

നാടകത്തിന്റെ പ്രസക്തി കണക്കിലെടുത്ത് മുംബയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുളള നാടകത്തിൽ രണ്ട് ഗാനങ്ങളുണ്ട്. തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പ് മേധാവി ഡോ.ശ്രീജിത് രമണനാണ് സംവിധാനം ചെയ്തത്. നാടകത്തിലെ 12 അഭിനേതാക്കളും തുരുത്തിപ്പുറം, വെള്ളാട്ടുപുറം ഗ്രാമവാസികളാണ്. ഇവരിൽ ഒരാളുപോലും ഇതിനുമുൻപ് അഭിനയ രംഗത്തുള്ളവരല്ല. വെള്ളപ്പൊക്ക ദുരിതത്തിന്റെ ഇരകളായ വയോജനങ്ങളും ചെറുപ്പക്കാരും ഒൻപത് വയസുകാരിയുമെല്ലാം അഭിനേതാക്കളാണ്.

ലക്ഷ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റവും സൃഷ്ടിക്കുന്ന ദുരന്തം ജനശ്രദ്ധയിലെത്തിക്കുക
പ്രളയവും വെള്ളപ്പൊക്കവും പോലെ പ്രകൃതിദുരന്തമായി വേലിയേറ്റത്തെയും പ്രഖ്യാപിക്കണം
ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ചില തീരദേശ മേഖലകളിലെ ദുരിതവും പരിഹരിക്കണം