sun

തൃശൂർ: സൺബീം മോട്ടോർ സൈക്കിൾ അഞ്ചേരി ചുള്ളിപ്പറമ്പിൽ ഭോജന് വെറുമൊരു ഇരുചക്രവാഹനമല്ല. ബ്രിട്ടീഷ് ഡോക്ടർ തന്റെ സഹപ്രവർത്തകനായ മലയാളി ഡോക്ടർക്ക് സ്‌നേഹപൂർവം സമ്മാനിച്ച സൺബീം ആ സൗഹൃദത്തിന്റെ സ്മാരകം കൂടിയാണ്.

അറുപത്തൊൻപതാം വയസിലും ഭോജൻ മക്കളെപ്പോലെ സൺബീമിനെ കൊണ്ടുനടക്കുന്നു.

ചില്ലറ അറ്റകുറ്റപ്പണി വേണ്ടിവരുമെങ്കിലും ഇടയ്ക്ക് സൺബീമുമായി കറങ്ങും. റോഡിലിറങ്ങിയാൽ കണ്ണുവയ്ക്കാത്തവരില്ല. പൊലീസുകാർ അടക്കം തടഞ്ഞുനിറുത്തി വണ്ടിയെക്കുറിച്ച് ചോദിച്ചറിയും.

എത്രലക്ഷം വേണമെങ്കിലും തരാം, വണ്ടി തരുമോ എന്ന് ചോദിച്ചവർ അനവധിയുണ്ട്. എത്ര ലക്ഷം തന്നാലും തരാനാവില്ലെന്ന് പറയും ഭോജൻ.

ഇംഗ്‌ളണ്ടിൽ നിന്ന് കൊണ്ടുവന്ന 1949 മോഡലാണിത്. നീലഗിരി എസ്റ്റേറ്റിലെ മെഡിക്കൽ സൂപ്രണ്ടായിരുന്ന ബ്രിട്ടീഷുകാരൻ സഹപ്രവർത്തകനായ കോഴിക്കോട് സ്വദേശി ഡോ.രാജന് സമ്മാനിച്ചത്. സൗഹാർദ്ദത്തിന്റെ സ്മാരകമായി ഡോ.രാജൻ കുറെക്കാലം സൂക്ഷിച്ചു. പാർട്സുകൾ കിട്ടാത്തതിനാലും കൊണ്ടുനടക്കാൻ കഴിയാത്തതിനാലും 1979ൽ 13,000 രൂപയ്ക്ക് ഭോജന് കൈമാറി, മറ്റാർക്കും കൊടുക്കരുതെന്ന അപേക്ഷയോടെ. ഇപ്പോൾ പാർട്‌സുകൾ പോണ്ടിച്ചേരിയിൽ നിന്ന് കിട്ടുന്നുണ്ട്. രജിസ്ട്രേഷനും പുതുക്കി. അറ്റകുറ്റപ്പണി അറിയുന്ന മെക്കാനിക്കുകൾ നാട്ടിലുള്ളതും സഹായമായി.

കാറിന്റെപോലെ എൻജിൻ

എൻജിനും ടയറും തമ്മിൽ ബന്ധിപ്പിക്കുന്ന ചെയിനില്ല സൺബീമിന്. കാറിനെപ്പോലെ ഷാഫ്റ്റാണ്. കാറിന്റേത് പോലെയുള്ള എൻജിനും ഡിസ്ട്രിബ്യൂട്ടറുമുണ്ട്. ടയറിനും നല്ല വലിപ്പമുണ്ട്. 1912 മുതൽ 1956 വരെ ഏറെ ജനപ്രീതിയാർജ്ജിച്ച മോട്ടോർസൈക്കിളായിരുന്നു സൺബീം. തുടക്കത്തിൽ 350 സി.സിയിലും പിന്നീട് 500 സി.സിയിലുമുണ്ടായിരുന്നു.

സവിശേഷതകൾ


പെട്രോൾ എൻജിൻ
ഇരട്ട സിലിണ്ടർ
ഭാരം: 260 കെ.ജി
മൈലേജ്:15 കി.മീ