തൃശൂർ: ഏറെ വിവാദമുണ്ടാക്കിയ ബിനി ടൂറിസ്റ്റ് ഹോമിൽ നടത്തുന്ന അറ്റകുറ്റപ്പണി നിറുത്തിവയ്ക്കണമെന്ന് ഹൈക്കോടതി. നടത്തിപ്പിനുള്ള കരാർ ജനീഷിന് നൽകിയ മേയറുടെ നടപടിയും ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തതോടെ കോർപറേഷന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. കൗൺസിലിൽ എടുത്ത തീരുമാനത്തിനെതിരെ കൗൺസിലർമാരോട് അപ്പീൽ പോകാനും ഉത്തരവിട്ടു.
കരാർ നൽകിയ നടപടി നേരത്തെ നടപടി ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരായ ഹർജിയിലാണ് വിധി. കെട്ടിടം പൊളിക്കുന്ന നടപടി ഇതോടെ പ്രതിസന്ധിയിലായി. മേയറുടെ നടപടി നേരത്തെ ഓംബുഡ്‌സ്മാനും സ്റ്റേ ചെയ്തിരുന്നു. ഇനി ഓംബുഡ്‌സ്മാന് തുടർനടപടികളുമായി മുന്നോട്ടു പോകാം.
നഗരത്തിന്റെ കണ്ണായ സ്ഥലത്ത് നിലകൊള്ളുന്ന തൃശൂർ കോർപറേഷന്റെ അതിഥി മന്ദിരമായ ബിനി ടൂറിസ്റ്റ് ഹോം വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുളള വിവാദം ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കൗൺസിലർമാർ കോടതിയെ സമീപിച്ചതോടെ ഭരണപക്ഷം പ്രതിസന്ധിയിലായി.
കൂടുതൽ സങ്കീർണ്ണതകളിലേക്ക്
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിനി കൈമാറുന്നത് കൂടുതൽ സങ്കീർണമായി. ഇതിനിടെ ഭരണപക്ഷവും കോർപറേഷൻ ഉദ്യോഗസ്ഥരുമായുളള പോരും കടുത്തു. സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും അവധിയിലാതോടെ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളും സാമ്പത്തിക ഇടപാടുകളും ഞെരുങ്ങലിലായിരുന്നു. ബിനി ടൂറിസ്റ്റ് ഹോം ഉദ്യോഗസ്ഥർ പൂട്ടിയത് മേയറും സംഘവും പൊളിച്ചതോടെ ഉദ്യോഗസ്ഥരും ഭരണപക്ഷവും തമ്മിലുളള യുദ്ധം മുറുകി. വഴിവിട്ട നിലയിൽ ബിനി ടൂറിസ്റ്റ് ഹോം പുതിയ കരാറുകാരന് നൽകാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ - ഭരണപക്ഷ പോരിലേക്ക് വഴിതുറന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അറ്റകുറ്റപ്പണി ഒരാഴ്ച നിറുത്തിവയ്ക്കാൻ മാത്രമാണ് ഹൈക്കോടതി പറഞ്ഞിട്ടുളളത്. അറ്റകുറ്റപ്പണി സംബന്ധിച്ച സംശയത്തിന്റെ പുറത്തുളള ഉത്തരവാണിത്. അത് വ്യക്തമാക്കി കൊടുക്കും.- എം.കെ. വർഗീസ്, കോർപറേഷൻ മേയർ.