തൃശൂർ: റോഡ് പുറമ്പോക്ക് കൈയേറി സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിൽ സ്വീകരിച്ച നടപടികൾ എടത്തിരുത്തി പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും രേഖാമൂലം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഭിന്നശേഷി വിഭാഗത്തിലുള്ള നിർദ്ധന കുടുംബാംഗത്തിന്റെ പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇടപെട്ടത്. കാട്ടിക്കുളം മോഹനൻ എന്നയാളുടെ പറമ്പിലൂടെയാണ് പരാതിക്കാരനായ കെ.പി. അരുണും വൃദ്ധ മാതാവും വഴി നടന്നിരുന്നത്. എന്നാൽ നിർമ്മാണം നടത്തിയതിനാൽ ഇവർക്ക് സ്വന്തം വീട്ടിൽ പ്രവേശിക്കാനാകുന്നില്ല. പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ താലൂക്ക് സർവേയർക്ക് നിർദ്ദേശം നൽകിയിരുന്നു. സ്ഥലത്ത് പൊതുമരാമത്തിന്റെയും പഞ്ചായത്തിന്റെയും പുറമ്പോക്കുകൾ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഇതിനാലാണ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദ്ദേശം നൽകിയത്.