
കുന്നംകുളം: ആലത്തൂർ എം.പി രമ്യാ ഹരിദാസിനെയും കുന്നംകുളം എം.എൽ.എ എ.സി മൊയ്തീനെയും ചൊല്ലി കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. ബഹളം രൂക്ഷമായതോടെ അജണ്ട ചർച്ച ചെയ്യാനാകാതെ ചെയർപേഴ്‌സൺ യോഗം അവസാനിപ്പിച്ചു. എം.പി നാളിതുവരെയായി കുന്നംകുളത്തിനായി വികസന പ്രവൃത്തികളൊന്നും ചെയ്തിട്ടില്ലെന്നും കുന്നംകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള ഭരണപക്ഷ കൗൺസിലറായ എ.എസ്.സുജീഷിന്റെ ആരോപണമാണ് ബഹളത്തിൽ കലാശിച്ചത്. ഇതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായെത്തി.
കൊവിഡിനെ തുടർന്ന് കേന്ദ്ര സർക്കാർ എം.പി ഫണ്ടുകൾ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് വികസന പ്രവൃത്തികൾ നടപ്പിലാക്കാൻ സാധിക്കാതിരുന്നതെന്നായി കോൺഗ്രസ് കൗൺസിലർ. സഹകരണ മേഖലയിൽ നിന്നും പണം തട്ടിയ എം.എൽ.എയ്ക്ക് വികസന പ്രവൃത്തി നടത്താനാകുമെന്നും കോൺഗ്രസ് കൗൺസിലർ ബിജു സി.ബേബി ആരോപണമുയർത്തി. നാലര വർഷമായി എം.പി കുന്നംകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലെന്നും കുന്നംകുളത്തെ ജനങ്ങളുടെ അഭിപ്രായമാണ് കൗൺസിലറുടേതെന്നും വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം സുരേഷ് പറഞ്ഞു. ബഹളം ശക്തമായതോടെ കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്‌സന്റെ ചേംബറിന് മുന്നിലെത്തി പ്രതിഷേധിച്ചു.
കോൺഗ്രസ് അംഗങ്ങൾ അജണ്ട പിടിച്ചു വാങ്ങിയതോടെ ചെയർപേഴ്‌സൺ യോഗം പിരിച്ചുവിട്ടു. കൗൺസിലർമാരായ മീഷാ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ, പ്രസുന്ന റോഷിത്ത്, ഷാജി ആലിക്കൽ, ലബീബ് ഹസൻ തുടങ്ങിയ കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, കെ.കെ.മുരളി, ബിനു പ്രസാദ്, രേഖാ സജീവ്, ഗീതാ ശശി, ബീനരവി, സന്ദീപ്ചന്ദ്രൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.