തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ ശ്രദ്ധാകേന്ദ്രമായി തൃശൂർ. തിരഞ്ഞെടുപ്പ് ചൂട് ഏറ്റവും പ്രകടമാകുന്നതും ശക്തന്റെ തട്ടകത്ത് തന്നെ. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും ചിത്രം ഏതാണ്ട് വ്യക്തം. വോട്ടർമാരെ പട്ടികയിൽപ്പെടുത്താനും സ്വന്തം പാളയത്തേക്ക് എത്തിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നണികളും ഒരുക്കത്തിലാണ്.
ചാലക്കുടിയെയും ആലത്തൂരിനെയും അപേക്ഷിച്ച് തൃശൂരുകാരായ വോട്ടർമാർ മാത്രം ഉൾപ്പെടുന്നതാണ് തൃശൂർ ലോക്‌സഭാ മണ്ഡലം. സംസ്ഥാനത്തെ തന്നെ 'താരമണ്ഡല'മായ തൃശൂരിൽ ത്രികോണ മത്സരം നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയുള്ളവരെല്ലാം ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു. സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.എൻ. പ്രതാപൻ സീറ്റ് ഉറപ്പിച്ച രീതിയിലാണ് പ്രവർത്തനം.
തൃശൂരിനെ 'താരമണ്ഡല'മാക്കിയത് നടൻ സുരേഷ് ഗോപി ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായതോടെയാണ്. ഇക്കുറിയും സുരേഷ് ഗോപി തന്നെയാകും തൃശൂരിൽ അങ്കത്തിനിറങ്ങുകയെന്നാണ് ബി.ജെ.പിയുടെ അണിയറ വിവരം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിത്രം വ്യക്തമല്ലെങ്കിലും മുൻമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്റെ പേരും വരുന്നുണ്ട്.
യു.ഡി.എഫ്
ജില്ലയിലെ പൊതുപരിപാടികളിൽ ടി.എൻ. പ്രതാപൻ ഏറെ സജീവമാണ്. പാർലമെന്റിൽ ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ഉയർത്തി ശ്രദ്ധ നേടിയ പ്രതാപൻ വ്യക്തിസൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റൊരാളുടെയും പേര് തൃശൂരിൽ ഉയരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് തന്നെയാകും യു.ഡി.എഫ് സ്ഥാനാർത്ഥി.
എൻ.ഡി.എ
എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി തന്നെ വരണമെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ പക്ഷം. മറിച്ച് സംഭവിച്ചാൽ അത് പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ടാക്കിയേക്കും. കഴിഞ്ഞ എതാനും മാസങ്ങളായി മണ്ഡലത്തിൽ സുരേഷ് ഗോപി നിറസാന്നിദ്ധ്യമാണ്. ബി.ഡി.ജെ.എസ് മത്സരിച്ച ആലത്തൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തി പകരം ചാലക്കുടി മണ്ഡലം ബി.ഡി.ജെ.എസിന് നൽകുമെന്ന സൂചനകളും വരുന്നുണ്ട്.
എൽ.ഡി.എഫ്
വി.എസ്. സുനിൽകുമാറിലേക്ക് നീങ്ങുന്നവിധമാണ് സി.പി.ഐ പ്രവർത്തനം മുന്നോട്ട് പോകുന്നത്. സി.പി.എമ്മിനും എൽ.ഡി.എഫിലെ മറ്റ് ഘടക കക്ഷികൾക്കും സ്വീകാര്യനാണ് മുൻ കൃഷിമന്ത്രിയെന്നതാണ് അനുകൂല ഘടകം. തൃശൂരിൽ ഏറെ ബന്ധങ്ങളുള്ള കെ.പി. രാജേന്ദ്രന്റെ പേരും പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദ്രനാഥ്, മുൻ എം.എൽ.എ ബി.ഡി. ദേവസി എന്നിവരുടെ പേരുകളാണ് അറിയറയിൽ കേൾക്കുന്നത്.
മോദി തൃശൂരിൽ ?
സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ശ്രദ്ധ നൽകുന്ന മണ്ഡലമാണ് തൃശൂർ. ഒരിക്കൽ കൂടി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണം തന്നെയാകും ശക്തമാക്കുക. ജനുവരിയിൽ കേരളത്തിൽ പ്രധാനമന്ത്രി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തേക്കും ഇത് തൃശൂരായിരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അങ്ങനെ വന്നാൽ സംസ്ഥാനതലത്തിലുള്ള വമ്പൻ റാലിയാക്കി മാറ്റാനാകും ശ്രമം.