കൊടുങ്ങല്ലൂർ : സുരക്ഷിത ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കഴിയുന്നില്ലെന്ന ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോർട്ട് ആശങ്കയുണർത്തുന്നതാണെന്ന് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി യോഗം. ഉദ്യോഗസ്ഥ, ഭരണ പരിഷ്‌കാര വകുപ്പിന്റെ ശുപാർശകൾ അംഗീകരിച്ച് നടപ്പാക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. തട്ടുകടകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, മറ്റു പദാർത്ഥങ്ങൾ എന്നിവയുടെ ഗുണനിലവാരവും പഴകിയ ഭക്ഷണങ്ങളും നൽകുന്നില്ലെന്ന് ഉറപ്പ് വരുത്താനും കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരം തുറന്നു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.എച്ച് 66 ആറുവരിപ്പാത പൂർത്തിയാകുമ്പോൾ സി.ഐ ഓഫീസിന് സമീപം സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് അഡ്വ. അബ്ദുൾഖാദർ കണ്ണേഴത്ത്, സെക്രട്ടറി സി.എസ്. തിലകൻ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, പി.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.