cheep
നാട്ടിക പഞ്ചായത്തിലെ പുത്തൻതോട് ചീപ്പ് കെട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് എഴാം വാർഡിൽ പുത്തൻതോട്ടിൽ ചീപ്പ് കെട്ടുന്നില്ലെന്ന വാദവുമായി വാർഡ് അംഗം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് വാർഡ് അംഗം ബിന്ദു പ്രദീപാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരം നടക്കുന്നതിനിടെ പുത്തൻതോട്ടിൽ ചീപ്പ് കെട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതറിഞ്ഞതോടെ വാർഡ് അംഗം സമരം നിറുത്തി. ചീപ്പ് അടിയന്തരമായി കെട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് പഞ്ചായത്തിൽ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അംഗം പരാതിപ്പെടുന്നു. ചീപ്പ് കെട്ടാത്തതിനാൽ മേഖലയിലെ വീടുകളിലെ കിണറുകളിലുൾപ്പടെ ഉപ്പ് വെള്ളം കയറിയതായും അവർ പറഞ്ഞു.
കോൺഗ്രസ് അംഗം നടത്തിയ സമരം അപഹാസ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ വാർത്താകുറിപ്പിൽ അറിയിച്ചു. ചീപ്പ് കെട്ടുന്നതിന് നാല് പ്രാവശ്യം ടെൻഡർ വച്ചു. ടെൻഡർ ആരും എടുക്കാതെ വന്നതോടെ പഞ്ചായത്ത് നേരിട്ട് ചീപ്പ് കെട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കുകയായിരുന്നു. ചീപ്പ് കെട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമിടുകയും ചെയ്തു. ഇതിനിടെ കോൺഗ്രസ് എന്തിനാണ് സമരം നടത്തുന്നതെന്നും സമരം അപഹാസ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടാതെ പുത്തൻതോട് ചീപ്പ് പുതുതായി നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.