1

ചാലക്കുടി: ബി.ജെ.പിയിലേക്ക് ചേക്കേറാൻ ചാലക്കുടിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹം. രണ്ടുവട്ടം നഗരസഭാ ചെയർമാനും 28 വർഷമായി ജനപ്രതിനിധിയുമായി റെക്കാഡ് സൃഷ്ടിച്ച നേതാവ് ഉടൻ ബി.ജെ.പിയിൽ ചേക്കേറുമെന്നാണ് അണിയറ വിവരം.

ബി.ജെ.പി ജില്ലാ നേതൃത്വവുമായി ഒരുവട്ടം ചർച്ച നടന്നെന്നും പറയപ്പെടുന്നു. ബി.ജെ.പിയുടെ മുനിസിപ്പൽ പ്രദേശത്തെ മുതിർന്ന നേതാവാണ് ജില്ലാ നേതാക്കളുമായുള്ള ചർച്ചയ്ക്ക് പാലമിട്ടത്. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ചർച്ചയ്ക്ക് കളം ഒരുങ്ങിയിട്ടുണ്ടത്രെ.

ഇപ്പോൾ നഗരസഭാ കൗൺസിലറും കോൺഗ്രസ് ഉന്നത സ്ഥാനത്തുമുള്ള നേതാവിന്റെ പ്രവേശനം ബി.ജെ.പിക്കും സ്വാഗതാ‌ർഹമാണ്. ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാൻ പരിശ്രമിക്കുന്ന ബി.ജെ.പിക്ക് ഇത് നേട്ടമാകുമെന്ന് വിലയിരുത്തുന്നു. കൂടുമാറുന്ന നേതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി സീറ്റ് വരെ ഓഫർ ചെയ്തതായും അറിയുന്നു.

നിയമസഭാ സീറ്റ് ആവശ്യം കോൺഗ്രസ് നേതാവും ഉന്നയിച്ചിട്ടുണ്ടത്രെ. ഏറെക്കാലമായി കോൺഗ്രസ് വിടുമെന്ന് അഭ്യൂഹമുണ്ടെങ്കിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മറ്റും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത പരാജയമാണ് പെട്ടെന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാൻ അദ്ദേഹത്തിന്റെ മനസ് ഒരുക്കിയതത്രെ.

സി.പി.എമ്മിൽ നിന്നും കോൺഗ്രസിലേക്ക്, ഇപ്പോഴിതാ...

കൊരട്ടിയിലെ ബി.ജെ.പി നേതാവിനെയാണ് മോഹവുമായി ആദ്യം സമീപിച്ചതത്രെ. തുടർന്നാണ് മറ്റ് നേതാക്കളിലേക്ക് വിവരം എത്തിയത്. ചാലക്കുടിയിലെ ബി.ജെ.പി നേതാക്കളെല്ലാം അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. സി.പി.എമ്മിൽ നിന്നും രാജിവച്ച് കോൺഗ്രസിലെത്തിയ പ്രമുഖൻ പിന്നീട് അവിടെയും ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു ചാലക്കുടി കണ്ടത്.

ക്രൈസ്തവ സഭയുടെ ഉന്നതരും സമൂഹിക രംഗത്തെ വമ്പന്മാരുമായും അടുത്ത ബന്ധം പുലർത്തുന്ന ഇദ്ദേഹം ഒപ്പമുണ്ടായാൽ പാർട്ടിക്ക് വലിയ നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രദേശിക നേതാക്കളുടെ വിലയിരുത്തൽ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതാവ് പറയുന്നതത്രെ. എന്നാൽ തീരുമാനം അതിവേഗം വേണമെന്നാണ് ബി.ജെ.പിയുടെ നേതാക്കളുടെ നിർദ്ദേശം.