തൃശൂർ: തൊഴിലും കൂലിയും സംരക്ഷിക്കുക, ആഭരണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് വ്യാപാരികൾ അടയ്ക്കാനുള്ള സെസ് അടയ്ക്കുക, ജി.എസ്.ടി ഈടാക്കാതെ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന ആഭരണ ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ 29ന് കളക്ടറേറ്റ് മാർച്ച് നടത്തും. സമരം പ്രഖ്യാപിച്ച തൃശൂർ ജില്ലാ ആഭരണനിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ.ബി. സുകുമാരൻ, ഷീല പ്രകാശൻ, പി.ബി. സുരേന്ദ്രൻ, ഇ.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.