തൃശൂർ: കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ജില്ലയിൽ നിന്ന് നീക്കം ചെയ്തത് 3048 ടൺ അജൈവമാലിന്യം. കൂടുതൽ മാലിന്യം ശേഖരിക്കാൻ ക്‌ളീൻ കേരള കമ്പനി പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും നാല് സെക്ടറുകളാക്കി തിരിച്ച് സംഭരണ കേന്ദ്രങ്ങൾ ഒരുക്കും.
കൃത്യമായ ടൈംടേബിൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി മാലിന്യശേഖരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാനാണ് ശ്രമം. മാലിന്യം തരംതിരിക്കാനും ഇതോടെ സമയം കിട്ടും.
കൂടുതൽ ലോഡ് മാലിന്യം കയറ്റി അയയ്ക്കാൻ കഴിയും. ലോറികൾ ജി.പി.എസ് സംവിധാനമുള്ളത് വേണ്ടതിനാൽ ഈ സംവിധാനം വരുന്നതോടെ മാലിന്യനീക്കം എളുപ്പത്തിലാകും. ഗോഡൗണുകളിൽ ശേഖരിക്കുന്ന പുനരുപയാേഗ സാദ്ധ്യതയില്ലാത്ത പ്ലാസ്റ്റിക്കുകൾ ഇന്ധനത്തിന്റെ ഉപയോഗത്തിനായി തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയിലേക്കാണ് കയറ്റി അയയ്ക്കുന്നത്.
സർക്കാർ ഓഫീസ് സമുച്ചയങ്ങളെ ഹരിത ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നിന്നും 40 ടൺ അജൈവമാലിന്യം ക്ലീൻ കേരള കമ്പനി ശാസ്ത്രീയ പരമായ രീതിയിലുള്ള നിർമ്മാർജനത്തിന് കയറ്റി അയച്ചിട്ടുണ്ട്. ഹരിതകർമ സേന കലണ്ടർ പ്രകാരം ഡിസംബറിലെ ചില്ലുമാലിന്യ ശേഖരണവും ആരംഭിച്ചു.
മൂന്നിരട്ടി വർദ്ധന
അജൈവ മാലിന്യ ശേഖരണത്തിൽ മൂന്നിരട്ടി വർദ്ധനവാണുണ്ടായത്. തൃശൂർ കോർപറേഷൻ പരിധിയിൽ വരുന്ന ശക്തൻ ഡംബ് സൈറ്റിൽ നിന്നും 710 ടൺ ലെഗസി മാലിന്യമാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ശാസ്ത്രീയ നിർമ്മാർജ്ജനത്തിന് സിമന്റ് ഫാക്ടറികൾക്ക് കൈമാറിയത്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് എല്ലാ ഓഫീസുകളിൽ നിന്നും യൂസർ ഫീ നൽകുന്നത് ഉറപ്പാക്കുമെന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അജൈവ മാലിന്യം ഹരിതകർമ്മസേന എം.സി.എഫിലേക്ക് നീക്കം ചെയ്യുകയും ഖരമാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴയും ചുമത്തുമെന്നും കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. കളക്ടറേറ്റിൽ നിന്നും ക്‌ളീൻ കേരള കമ്പനി 42 ടൺ അജൈവ മാലിന്യം ഒരുമാസം കൊണ്ട് ശേഖരിച്ചിരുന്നു.
പ്ലാസ്റ്റിക് റീസൈക്കിളേഴ്‌സിന് നൽകിയ
പുനരുപയോഗ സാദ്ധ്യതയുള്ള പ്ലാസ്റ്റിക്കുകൾ: 815 ടൺ
ജില്ലയിലെ അജൈവമാലിന്യ ശേഖരണത്തിൽ വൻ മുന്നേറ്റമാണുണ്ടായത്. ഇതിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
- ശംഭു ഭാസ്‌കർ, ജില്ലാ മാനേജർ, ക്ലീൻ കേരള കമ്പനി