മണലൂർ: മണലൂർ പഞ്ചായത്തിലെ ആസൂത്രണ സമിതി പുന:സംഘടനയിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. നിലവിൽ 12 പേരാണ് ആസൂത്രണ സമിതിയിലുണ്ടായിരുന്നത്. എന്നാൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 14 അംഗ സമിതിയായിട്ടാണ് പുന:സംഘടിപ്പിച്ചത്. പന്ത്രണ്ടംഗ ആസൂത്രണ സമിതിയാണ് പഞ്ചായത്ത് രാജ് നിർദ്ദേശിക്കുന്നത്. നിലവിലുള്ള ആസൂത്രണ സമിതി തന്നെ വേണ്ടത്ര പങ്കാളിത്തം ഇല്ലാതെയാണ് കൂടുന്നത്. അപ്പോഴാണ് പുതിയ രണ്ട് കോൺഗ്രസ് പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയത്. ഇതിൽ ഒരംഗം പഞ്ചായത്തിന് പുറത്തുള്ള ആളാണ്. ഇത് ആസൂത്രണ സമിതിയുടെ ഗൗരവം ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, ഷേളി റാഫി, ഷാനി അനിൽകുമാർ, ധർമ്മൻ പറത്താട്ടിൽ, സിമി പ്രദീപ്, സിജു പച്ചാമ്പുള്ളി എന്നിവർ പ്രതിഷേധിച്ചു.