കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നതായി ക്ഷേത്ര രക്ഷാ വേദി ആരോപിച്ചു. കഴിഞ്ഞവർഷം മൂന്ന് കേന്ദ്രങ്ങളിൽ ഇതിനായി സൗകര്യമൊരുക്കിയിരുന്നു. ദേവസ്വം ബോർഡിന്റെ പിടിവാശിയും ഉപദേശക സമിതിയുടെ രാഷ്ട്രീയക്കളികളും മൂലം ഈ വർഷം നാമമാത്രമായ സേവന പ്രവർത്തനമാണ് നടക്കുന്നത്. രാത്രി 9 മണി കഴിഞ്ഞാൽ നഗരത്തിലെ ഹോട്ടലുകൾ പൂട്ടുന്നതിനാൽ പണം കൊടുത്താൽ പോലും അയ്യപ്പൻമാർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയാണെന്നും രക്ഷാവേദി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര മൈതാനിയിലെ താത്കാലിക സ്റ്റാളുകൾക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. ദേവസ്വം തുടങ്ങിയ സേവാകേന്ദ്രത്തിലെത്തുന്ന ഭൂരിപക്ഷം ഭക്തർക്കും ഭക്ഷണം കിട്ടുന്നില്ല. ദേവസ്വത്തിന്റെ വിലക്കിനിടെയും ക്ഷേത്ര സംരക്ഷണ സമിതി അയ്യപ്പന്മാർക്ക് വൈകിട്ട് കഞ്ഞിയും രാവിലെ പ്രഭാത ഭക്ഷണവും നൽകി വരുന്നുണ്ട്. അയ്യപ്പഭക്തർക്ക് എത്തിപ്പെടാൻ കഴിയാത്ത വിധം ബാർ ഹോട്ടലിനു സമീപത്താണ് നഗരസഭ പ്രഹസനമായി വിശ്രമകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭ അധികൃതരുടെ ക്രൂരമായ നടപടി ഭക്ത സമൂഹത്തിന് പൊറുക്കാനാകില്ലെന്ന് ക്ഷേത്ര രക്ഷാവേദി ജന. കൺവീനർ സി.എം. ശശീന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.