മാള : മാള പഞ്ചായത്തിലെ കാവനാട് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിതാ ജോഷി 677 വോട്ടുകൾ നേടി വിജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഇസ്മയിൽ നമ്പൂരിമഠത്തിന് 110 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി മണിക്കുട്ടന് 29 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഈ വാർഡിൽ നിന്നും ജയിച്ച ജോഷി കാഞ്ഞൂത്തറയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് തുർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാനാകാത്തത് മൂലമാണ് ജോഷി കാഞ്ഞൂത്തറയെ കഴിഞ്ഞ ഫെബ്രുവരിയിൽ മാള പഞ്ചായത്ത് കമ്മിറ്റി അയോഗ്യനാക്കിയത്. ജോഷി കാഞ്ഞൂത്തറയുടെ ഭാര്യയാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിതാ ജോഷി. ഇതോടെ 20 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 12ഉം യു.ഡി.എഫിന് ആറും എൻ.ഡി.എയ്ക്ക് രണ്ട് അംഗങ്ങളുണ്ടാകും.