തൃശൂർ: ചക്രവാതചുഴിയുടെ സ്വാധീനഫലമായി മഴ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കോൾ മുണ്ടകപ്പാടങ്ങളിലെ കർഷകർ ആധിയിൽ. കഴിഞ്ഞ ദിവസം രാത്രി ജില്ലയുടെ പലയിടങ്ങളിലും മഴ പെയ്തിരുന്നു. കോൾപ്പാടങ്ങളിൽ കൃഷിയിറക്കൽ പൂർത്തിയാകുന്നതേയുള്ളൂ. ഈ സമയം വെള്ളം ഉയർന്നാൽ വിതയ്ക്കാനാവില്ല. മുണ്ടകപ്പാടങ്ങൾ കതിരിട്ടുകഴിഞ്ഞു. പാടത്ത് വെള്ളം ഉയർന്നാൽ നെൽച്ചെടി ചാഞ്ഞുവീഴാനിടയുണ്ട്.
കോൾപ്പാടങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കഴിഞ്ഞ ആഴ്ച വരെ മൂവായിരത്തിലേറെ ഏക്കറിൽ വിതയ്ക്കാനാകാതെ കൃഷി പ്രതിസന്ധിയിലായിരുന്നു. പിന്നീട് മഴ ഒഴിഞ്ഞതോടെയാണ് ആശ്വാസമായത്. വരുംമാസങ്ങളിൽ വേനൽമഴ ശക്തമായാൽ മുണ്ടകപ്പാടങ്ങളിലെ വയ്ക്കോൽ നനഞ്ഞു നശിച്ചേക്കാം. മഴയിൽ നെല്ലു നനഞ്ഞാൽ വില കുറയും. ഉണക്കാനുള്ള കൂലിച്ചെലവു താങ്ങാനാവില്ല.
മാവും പ്‌ളാവും അടക്കമുള്ള മരങ്ങൾ പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന കാലമാണിത്. മഴയിൽ പൂക്കൾ കൊഴിയുന്നതോടെ മാങ്ങയും ചക്കയും അടക്കമുളള ഫലങ്ങൾ കുറയുന്നതിനും കാരണമാകും. മഴയിൽ പൂക്കളിൽ സൂക്ഷ്മജീവികൾ കടന്ന് പഴങ്ങൾ നശിച്ചുപോകുന്നതിനും ഇടയാക്കും. മഴയും കടലാക്രമണവും കൊടുംചൂടും ഏത് നിമിഷവുമുണ്ടാകാമെന്ന ലോകത്തെ വിവിധ പഠനങ്ങൾ ആധാരമാക്കി ഐ.പി.സി.സി (ഇന്റർനാഷണൽ പ്രോട്ടോക്കോൾസ് ഒഫ് ക്‌ളൈമറ്റ് ചേയ്ഞ്ച്) തയ്യാറാക്കിയ റിപ്പോർട്ടിലെ മുന്നറിയിപ്പുകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മദ്ധ്യകേരളത്തിലേക്ക്?
തെക്കുനിന്ന് മഴ മദ്ധ്യകേരളത്തിലേക്ക് വ്യാപിക്കാനാണ് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ രാത്രിയിലാണ് മിക്കവാറും ഇടങ്ങളിൽ പെയ്യുന്നത്. വൃശ്ചികക്കാറ്റിനും ധനുമാസത്തെ തണുപ്പിനും മുൻകാലങ്ങളേക്കാൾ കുറവുണ്ടായപ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തുന്നത്. ഇതാണ് കാർഷികവിളകളെ പ്രതികൂലമായി ബാധിക്കുന്നത്. രണ്ടു വർഷം മുൻപ് ഡിസംബറിലും ജനുവരിയിലും വ്യാപക മഴ പെയ്തിരുന്നു.
മഴ പെയ്തിട്ടും ഭൂഗർഭജലം കുറഞ്ഞു
ഭൂഗർഭജലശേഖരത്തിന്റെ അളവ് വൻതോതിൽ കുറയുന്നെന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ റിപ്പോർട്ടിന് പിന്നാലെ കുഴൽക്കിണറുകളുടെ കണക്ക് ശേഖരിക്കാനുള്ള നടപടികൾക്ക് സംസ്ഥാന ഭൂജലവകുപ്പ് തുടക്കമിട്ടിട്ടുണ്ടെന്നാണ് വിവരം. മഴകൂടിയിട്ടും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഭൂഗർഭജലവിതാനത്തിൽ കുറവുണ്ടായതോടെയാണ് കണക്കെടുക്കുന്നത്. കാർഷികാവശ്യത്തിന് ഭൂഗർഭജലത്തെ കേരളം കൂടുതലായി ആശ്രയിക്കുന്നുണ്ട്.
ചക്രവാതച്ചുഴിയുടെ സ്വാധീനം കുറയുമെന്നാണ് പ്രതീക്ഷ. ചക്രവാതച്ചുഴികൾ പുതിയ പ്രതിഭാസമല്ല. ഓഫ് സീസണിൽ സംഭവിക്കുന്നതുകൊണ്ടാണ് ഇത് ആശങ്കയാകുന്നത്.- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാഗവേഷകൻ