തൃശൂർ: ഉണ്ണാനും ഉടുക്കാനുമില്ലാത്തവരെ സഹായിക്കണമെന്ന ചിന്തയിൽ നിന്നാണ് ജീവകാരുണ്യപ്രവർത്തകനായ ഫാ. ഡേവിസ് ചിറമ്മലിന് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉദിച്ചത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് വീടുകളിൽ വെറുതെയിരിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കുന്നതായിരുന്നു പദ്ധതി.
മൂന്ന് കൊല്ലം കൊണ്ട് പദ്ധതിക്ക് കിട്ടിയത് മികച്ച പ്രതികരണം. സാധാരണ വസ്ത്രങ്ങൾ മുതൽ വിവാഹത്തിനും പാർട്ടികൾക്കും ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ച വിലകൂടിയ സ്യൂട്ടുകൾ വരെ ലഭിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി നൽകി. കിട്ടിയവയിൽ നല്ലത് നിസാരവിലയ്ക്ക് വിറ്റു കിട്ടിയ പണം വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളിൽ വിനിയോഗിച്ചു.
ഒരു ലക്ഷം വരെയുള്ള കേടുപാടില്ലാത്ത സ്യൂട്ടുകൾ ആയിരം രൂപയ്ക്ക് നൽകും. അൽപ്പം മോശമെന്നു തോന്നിയാൽ ചവിട്ടിയുണ്ടാക്കാൻ സൗജന്യമായി നൽകും. അവരിൽ നിന്ന് ചവിട്ടി വിപണിവിലയ്ക്ക് വാങ്ങി വിൽക്കുന്നുമുണ്ട്. കൊരട്ടിയിൽ തിരുമുടിക്കുന്ന്, നാലുകെട്ട്, മാമ്പ്ര, കാടുകുറ്റി എന്നിവിടങ്ങളിൽ അഗതിമന്ദിരങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം ഭക്ഷണം നൽകുന്നുണ്ട്. തൃശൂർ പെരിങ്ങാവിലുമുണ്ട് സേവനം. പാഥേയം, ഹംഗർ ഹണ്ട് തുടങ്ങിയ പദ്ധതികൾക്കും ചെലവാക്കുന്നു. 30ന് കൊരട്ടി ട്രസ്റ്റ് ആസ്ഥാനത്ത് നടത്തുന്ന ചിറമ്മലച്ചന്റെ 64-ാം പിറന്നാൾ ആഘോഷത്തിലും ഭവനപദ്ധതി, ചികിത്സാ സഹായം, ഭിന്നശേഷിക്കാർക്കുള്ള സഹായം തുടങ്ങിയവയുണ്ട്.
3 കോടിയുടെ ഭവനപദ്ധതി
രണ്ട് വർഷത്തിനിടെ രണ്ട് ലോഡ് സാരികൾ തെലങ്കാനയിലെ പാവപ്പെട്ടവർക്ക് നൽകി. അവിടെ ആദിലാബാദ് രൂപതയുമായി ചേർന്ന് ട്രസ്റ്റിന്റെ ദരിദ്രർക്കുള്ള ഭവനപദ്ധതിയുണ്ട്. 40 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. ഇതിന് ട്രസ്റ്റ് 3 കോടി നൽകും. 30 ലക്ഷം നൽകി. പുൽക്കുടിലുകളിൽ കഴിയുന്നവർക്കാണ് ചെറുഭവനങ്ങൾ നിർമ്മിച്ചുകൊടുക്കുന്നത്.
അച്ചന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂന്നര കോടിയുടെ സേവനപദ്ധതിയാണ് ഇത്തവണ നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 10.4 കോടിയുടെ പദ്ധതികൾ നടപ്പാക്കി.- രാജൻ തോമസ്, ട്രസ്റ്റ് ചെയർമാൻ