pull

തൃശൂർ: കഴിഞ്ഞദിവസം രാത്രി മുഴുവൻ പെയ്ത മഴയിൽ കോൾപാടങ്ങളിൽ വെള്ളം ഉയർന്നതോടെ, പുല്ലഴി കോളിൽ മാത്രം 400 ഏക്കറിൽ കൃഷിയിറക്കാനായില്ല.

അടാട്ട്, അന്തിക്കാട് തുടങ്ങിയ കോൾമേഖല മുഴുവനായി എടുത്താൽ മൂവായിരത്തിലേറെ ഏക്കറിൽ വിതയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കർഷകർ നൽകുന്ന വിവരം. പെട്ടെന്ന് പെയ്ത മഴയിൽ പുറംചാലുകളിൽ വെളളം നിറഞ്ഞിരിക്കുകയാണ്. ഏനാമാക്കലിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിട്ടുളളത്. അതിനാൽ വെളളം പെട്ടെന്ന് താഴുന്നില്ല. പത്തു ദിവസത്തിനുളളിൽ വിത പൂർത്തിയാക്കാം. എന്തായാലും, കൊയ്ത്ത് ഏപ്രിൽ അവസാനമാകുമെന്ന് ഉറപ്പായി. സാധാരണ മാർച്ച് മാസത്തിൽ കൊയ്ത്ത് പൂർത്തിയാകേണ്ടതാണ്.

രാത്രി ഇടയ്ക്കിടെ പെയ്യുന്ന മഴ സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. നിലമൊരുക്കാൻ ട്രാക്ടറുകളും ട്രില്ലറുകളും എത്തിയിട്ട് ആഴ്ചകളായി. വെള്ളമിറങ്ങാത്തതിനാൽ യന്ത്രങ്ങൾ പാടത്തിറക്കാൻ കഴിയുന്നില്ലെന്നും കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ഭേദപ്പെട്ട വിളവ് ലഭിച്ചത് കൃഷി കലണ്ടർ കൃത്യമായിരുന്നതിനാലാണ്. എന്നാൽ ഈ വർഷം കാലാവസ്ഥയും അധികൃതരുടെ അനാസ്ഥയും കാരണം എല്ലാം തകിടം മറിയുകയായിരുന്നു.

നെല്ലും വയ്ക്കോലും നനഞ്ഞാൽ...

കഴിഞ്ഞവർഷം വയ്ക്കോൽ വിറ്റ പണം കൊണ്ട് പുല്ലഴി കോൾപ്പടവിലെ കർഷകർക്ക് കൊയ്ത്ത് മെഷിൻ സൗജന്യമായി ലഭ്യമാക്കാൻ കഴിഞ്ഞു. എന്നാൽ ഈ വർഷം ഏപ്രിൽ - മേയ് മാസങ്ങളിൽ വേനൽമഴ പെയ്താൽ വയ്ക്കോൽ വിൽക്കാനാവില്ല. വയ്ക്കോൽ വിറ്റ പണത്തിൽ നിന്ന് 2750 രൂപയാണ് കർഷകർക്ക് നൽകിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് രണ്ടാം വളമിടൽ പൂർത്തിയാക്കിയിരുന്നു. ഈ വർഷം നെല്ലു സംഭരണത്തിനുള്ള സർക്കാർ സബ്‌സിഡി കുടിശികയാണ്.

പ്രതിസന്ധികളേറെ:

കൃത്യസമയത്ത് കൃഷിയിറക്കാനാവാത്തത് വലിയ പ്രതിസന്ധിയാണ്. പതിറ്റാണ്ടുകൾക്കുമുൻപ് ഈ സമയത്ത് കൃഷിയിറക്കിയിരുന്നു. പക്ഷേ, അന്ന് വേനൽമഴ ശക്തമാകാറില്ല.
- ഗോപിനാഥൻ കൊളങ്ങാട്ട്, സെക്രട്ടറി, ജില്ലാ കോൾകർഷക സംഘം