mathilakam-
മതിലകം പഞ്ചായത്തിൽ നടന്ന കൂർക്കഗ്രാമം പദ്ധതിയുടെ വിളവെടുപ്പ്

മതിലകം : പഞ്ചായത്തിൽ കൂർക്കഗ്രാമം പദ്ധതി പ്രകാരം നടത്തിയ കൂർക്ക കൃഷിയിൽ മികച്ച വിളവ്. അഞ്ച് മാസം പിന്നിട്ട കൃഷിയിൽ നിന്ന് മികച്ച വിളവാണ് ലഭിച്ചത്. ആദ്യദിന വിളവെടുപ്പിൽ 300 കിലോ കൂർക്കയാണ് ലഭിച്ചത്. കിലോഗ്രാമിന് 60 രൂപ നിരക്കിൽ കൃഷിയിടത്തിൽ വച്ചു തന്നെ വിൽപ്പന നടത്തുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി മുഴുവൻ വിളവെടുപ്പും നടത്താനാണ് തീരുമാനം. ഏകദേശം 500 കിലോഗ്രാം വിളവ് ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിളവെടുപ്പ് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പ്രിയ ഹരിലാൽ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ്, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.കെ. പ്രേമാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സഗീർ, ഒ.എസ്. ശെരീഫ, സംസാബി സലീം, രജനി ബേബി, ഹിത രതീഷ്, മാലതി സുബ്രഹ്മുണ്യൻ, ജെസ്‌ന ഷെമീർ, സി.ഡി.എസ് ചെയർപേഴ്‌സൺ ബേബി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

കൃഷി രണ്ടേക്കർ സ്ഥലത്ത്

മതിലകം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കൂർക്ക ഗ്രാമം പദ്ധതിയുടെ ഭാഗമായി നാടൻ കൂർക്ക കൃഷി ചെയ്തത്. മതിലകം ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് കൃഷിഭവൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തൊടെ കൂളിമുട്ടം കാണിവളവിലെ രണ്ടേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്. ഒന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ 45 തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് കൃഷിയിറക്കിയത്. 279 തൊഴിൽ ദിനങ്ങളിലായി 92,907 രൂപ കൂലിയിനത്തിൽ തൊഴിലാളികൾക്ക് നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു.