kaumudi
തിരുവനന്തപുരത്തെ സ്ട്രീറ്റ് ലൈബ്രറിയെ കുറിച്ച് കേരള കൗമുദിയിൽ വന്ന വാർത്ത

തൃശൂർ: രാജ്യത്തെ ആദ്യ സ്ട്രീറ്റ് ലൈബ്രറി തൃശൂരിൽ തുടങ്ങുന്നുവെന്ന അവകാശവാദം വെറും പൊള്ളത്തരമെന്ന് വിമർശനം. സംസ്ഥാനത്ത് തന്നെ ഇത്തരത്തിൽ സ്ട്രീറ്റ് ലൈബ്രറി തിരുവനന്തപുരത്ത് പ്രവർത്തിക്കുമ്പോഴാണ് രാജ്യത്തെ ആദ്യത്തെ സ്ട്രീറ്റ് ലൈബ്രറി തൃശൂരിലേതെന്ന് മേയർ പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് കഴിഞ്ഞ 11 വർഷമായി മാനവീയത്ത് പ്രവർത്തിക്കുന്ന സ്ട്രീറ്റ് ലൈബ്രറി കേരളീയം എഡിഷന്റെ പേരിൽ വിപുലീകരിച്ചിരുന്നു. അയ്യായിരത്തോളം പുസ്തകങ്ങളാണ് അവിടെയുള്ളത്. കോയമ്പത്തൂർ നഗരത്തിലും സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്ട്രീറ്റ് ലൈബ്രറികളുണ്ട്.

തൃശൂർ കോർപറേഷന്റേതിന് സമാന രീതിയിൽ തന്നെയാണ് തിരുവനന്തപുരത്തും സ്ട്രീറ്റ് ലൈബ്രറി പ്രവർത്തിക്കുന്നത്. കോർപറേഷൻ ഓഫീസിന് മുൻവശത്തിന് പുറമേ വടക്കെ സ്റ്റാൻഡ്, രാമവർമ്മ പാർക്ക്, നെഹ്റു പാർക്ക് എന്നിവിടങ്ങളിലും സ്വരാജ് റൗണ്ടിൽ സൗകര്യപ്രദമായ സ്ഥലത്തും ലൈബ്രറി തുടങ്ങുന്നു എന്നത് മാത്രമാണ് പ്രത്യേകത.

യുനെസ്‌കോ മഹാത്മ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ ഫൊർ പീസ് സീനിയർ പ്രോഗ്രാം ഓഫീസർ അമ്മാര മാർട്ടിനൻസ് തൃശൂരിലെ തെരുവ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്‌സൺ, കരോളിൻ പെരഞ്ചേരി, ലേണിംഗ് സിറ്റി അപെക്‌സ് കമ്മിറ്റി അംഗങ്ങളായ അഡ്വ. അനീസ് അഹമ്മദ്, അഡ്വ. വില്ലി, സുബി സുകുമാർ, കൗൺസിലർമാരായ കെ. രാമനാഥൻ, സജിത ഷിബു, നീതു ദിലീഷ്, ലിംന മനോജ്, എ.ആർ. രാഹുൽനാഥ്, ശ്യാമള വേണുഗോപാൽ, കില അർബൻ ചെയർ ഡോ. അജിത് കാളിയത്ത്, കോർപ്പറേഷൻ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവർ സംസാരിച്ചു.