കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തർ വെള്ളവും ഭക്ഷണവും കിട്ടാതെ വിഷമിക്കുന്നുവെന്നത് സംഘപരിവാറിന്റെ കള്ള പ്രചാരണം മാത്രമാണെന്നും അതവർ അവസാനിപ്പിക്കണമെന്നും നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീതയും വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനലും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ വളരെ കൃത്യമായി ഭക്ഷണ വിതരണം നടക്കുന്നുണ്ട്. അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാനുള്ള സ്ഥലവും കുടിവെള്ളവും ഏർപ്പാട് ചെയ്തിട്ടുണ്ട്. നഗരസഭയുടെ ആഭിമുഖ്യത്തിൽ ആർക്കും എളുപ്പത്തിൽ എത്താവുന്ന രീതിയിൽ പട്ടണത്തിൽ തന്നെ അന്നദാനവും നടക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം ഇകഴ്ത്തി കാണിച്ച് ഇതെല്ലാം നടത്താൻ യോഗ്യർ തങ്ങൾ മാത്രമാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. തികച്ചും രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യം. അന്നദാനത്തിന്റെ പേരിൽ ഓരോ വർഷവും ലക്ഷങ്ങളാണ് പിരിവെടുത്തിരുന്നത്. മാത്രമല്ല ഈ അടുത്ത സമയത്ത് നടന്ന താലപ്പൊലി കാവ് ലേലത്തിലും ഇവർക്ക് വൻ തിരിച്ചടി നേരിട്ടു. വർഷങ്ങളായി ഈ ലേലത്തിൽ വരുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി നാമമാത്ര തുകയ്ക്ക് ലേലം കൊണ്ടിരുന്നുവെങ്കിൽ ഇത്തവണ ക്ഷേത്ര ഉപദേശ സമിതിയുടെ ഇടപെടലിൽ നിരവധിപേർ ലേലത്തിൽ പങ്കെടുത്തു. ലേലം ഇവർ തന്നെ പിടിച്ചുവെങ്കിലും വൻ തുക ഒടുക്കിയതിലൂടെ തങ്ങളുടെ ഇതുവരെ ലഭിച്ചിരുന്ന ലാഭത്തിൽ ഇവർക്ക് കുറവുണ്ടാവുകയും ചെയ്തു. ഇതും ഇത്തരം കള്ള പ്രചാരണം നടത്താനുള്ള കാരണമാണെന്ന് ചെയർമാനും വൈസ് ചെയർമാനും ആരോപിച്ചു.