കൊടുങ്ങല്ലൂർ: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി നടപ്പാക്കുന്ന വർണ്ണക്കൂടാരം സ്റ്റാർസ് പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ അദ്ധ്യക്ഷയായി. വിദ്യാലയത്തിന്റെ ഇരുവശങ്ങളിലും പച്ചപ്പാർന്ന ഹരിതോദ്യാനം, അതിമനോഹരമായ ഗുഹ, ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളുമായി കപ്പൽ മാതൃകയിലുള്ള കളിയിടം, അടിയിൽ ചെറുവെള്ളച്ചാട്ടവും മത്സ്യങ്ങളും, കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിന് ടെലിവിഷന്റെ മാതൃകയിലുള്ള കുഞ്ഞരങ്ങ്, വർണാഭമായ ചുമർചിത്രങ്ങളാൽ നിറഞ്ഞ ക്ലാസ് മുറി തുടങ്ങിയ നിരവധി കാഴ്ചകളും സൗകര്യങ്ങളുമായി കുരുന്നുകൾക്ക് കളിച്ചും രസിച്ചും പഠിക്കുന്നതിനാണ് വിദ്യാലയത്തിൽ വർണ്ണക്കൂടാരം ഒരുക്കിയിട്ടുള്ളത്. പ്രീപ്രൈമറി കളിപ്പാട്ടം പുസ്തകത്തിലെ 30 തീമുകളെ അടിസ്ഥാനമാക്കിയാണ് നക്ഷത്രക്കൂട് തീർത്തിട്ടുള്ളത്. മതിലകം ബി.പി.സി: എ.പി. സിജിമോൾ പദ്ധതി വിശദീകരണം നടത്തി. ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, ശ്രീനാരായണപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ കലാം, എസ്.എം.സി ചെയർമാൻ വി.കെ. അഷറഫ്, പി.ആർ. ഗോപിനാഥൻ, പ്രിൻസിപ്പൽ എ.ജെ. സുനിൽ, ഹെഡ്മിസ്ട്രസ് വി.എ. സുൽഫത്ത് തുടങ്ങിയവർ സംസാരിച്ചു.