1

തൃശൂർ: ലോക്‌സഭയിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സഭയിൽ പ്രതിഷേധം ഉയർത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ തൃശൂർ ജില്ലയിലെ മൂന്ന് എം.പിമാരും. തൃശൂർ മണ്ഡലത്തിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, ആലത്തൂരിലെ രമ്യഹരിദാസ്, ചാലക്കുടിയിലെ ബെന്നി ബഹ്നാൻ എന്നിവർ സസ്പെൻഡ് ചെയ്യപ്പെട്ടത് അത്യപൂർവതയായി.

ആദ്യം പ്രതാപനെയും രമ്യ ഹരിദാസിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. പിന്നീടാണ് ബെന്നി ബഹനാൻ ഉൾപ്പടെയുള്ളവർക്ക് സസ്‌പെൻഷൻ കിട്ടിയത്. 2019 നവംബർ 25ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം നടത്തിയതിനും 2019 ഡിസംബർ 6ന് ഉന്നാവോ പീഡനകേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിലും പ്രതാപൻ സസ്പെൻഷനിലായിരുന്നു. കൂടാതെ 2020 മാർച്ച് അഞ്ചിന് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധം, വിലക്കയറ്റത്തിന് എതിരെ പ്ലക്കാർഡ് ഉയർത്തിയതിനും സസ്‌പെൻഷന് വിധേയനായി.

വിലക്കയറ്റ വിഷയത്തിൽ രമ്യ ഹരിദാസ് എം.പിയും സസ്‌പെൻഷൻ നേരിട്ടിരുന്നു. പ്രതാപൻ ഇന്നലത്തെ സംഭവത്തോടെ അഞ്ചാം തവണയാണ് സസ്‌പെൻഷൻ നേരിടുന്നത്. ഏറ്റവും കൂടുതൽ സസ്‌പെൻഷൻ നേരിട്ട എം.പിമാരിൽ ഒരാളാണ് ടി.എൻ. പ്രതാപൻ.