തളിക്കുളം : പുളിയംതുരുത്തിയിൽ തെരുവ് നായയുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. കൂടാതെ നിരവധി നായ്ക്കളേയും ആടുകളേയും തെരുവ്‌നായ കടിച്ച് പരിക്കേൽപ്പിച്ചു. ചേന്ദങ്ങാട്ട് വിശ്വന്റെ മകൻ വൈശാഖ്, വട്ടുകുളം സത്യൻ, ചക്കാണ്ടൻ മണി എന്നിവരെയാണ് കടിച്ചു പരിക്കേൽപ്പിച്ചത്. സത്യന്റെ വീട്ടിലെ ആടുകളേയും കടിച്ച് പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വീടിന് മുറ്റത്ത് നിന്നിരുന്ന വൈശാഖിനെ ആക്രമിക്കുകയായിരുന്നു. കൈയ്ക്കാണ് പരിക്കേറ്റത്. മറ്റുള്ളവർക്ക് തലയ്ക്കും കൈകാലുകൾക്കുമാണ് കടിയേറ്റത്. പ്രദേശത്തെ വീടുകളിലെ ആടുകളേയും തെരുവ് നായ്ക്കളേയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള തെരുവ് നായയാണ് ആക്രമിച്ചത്. കടിയേറ്റവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. മേഖലയിൽ തെരുവ് നായയുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. റോഡിലും പറമ്പിലും പുഴയോര മേഖലയിലും തെരുവ് നായ്ക്കൾ കൂട്ടമായാണ് അലഞ്ഞ് നടക്കുന്നത്. വിദ്യാർത്ഥികളും സ്ത്രീകളുമടക്കം ഭയത്തോടെയാണ് ഇതുവഴി പോകുന്നത്.