കൊടുങ്ങല്ലൂർ: പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന വിചാരണ സദസ് 17ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായാറാഴ്ച വൈകിട്ട് നാലിന് കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. സിദ്ദിക്ക് അലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തും. എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള യു.ഡി.എഫ് കുറ്റപത്രം തയ്യാറാക്കി സദസിൽ അവതരിപ്പിക്കും.
സാമ്പത്തിക നിലപാടെ തകരാറിലായ സംസ്ഥാനത്ത് കേരളീയവും നവകേരള സദസും നടത്തി വീണ്ടും സംസ്ഥാനത്തെ കടകെണിയിലാക്കുന്നു. ക്രമസമാധാനനില തകർന്നു. സത്രീകൾക്കും കുട്ടികൾക്കും ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാക്കി സഹകരണ ബാങ്കുകളുടെ മറവിൽ കോടികൾ എൽ.ഡി.എഫ് നേതാക്കൾ അടിച്ചു മാറ്റുന്നു. കുടിവെള്ള പദ്ധതികൾ തകരാറിലായി, റോഡുകൾ ശോചനീയമായി, തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല, കാർഷിക മേഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ലൈഫ് പദ്ധതിയിൽ വീട് കിട്ടുമെന്ന് വിശ്വസിച്ച് നിരവധി ആളുകൾ വീടു് പൊളിച്ചിട്ട് നെട്ടോട്ടമോടുന്നു. ഒട്ടുമിക്ക വിഭാഗ ജനവിഭാഗങ്ങളും ജപ്തി നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വിചാരണ സദസുമായി യു.ഡി.എഫ് ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് നേതാക്കളായ സ്വാഗതസംഘം ചെയർമാൻ ടി.എം. നാസർ, കോ-ഓർഡിനേറ്റർ വി.എ. അബ്ദുൾ കരീം, കൺവീനർമാരായ പി.കെ. നൗഷാദ്, അഡ്വ. വി.എം. മൊഹിയുദ്ദീൻ, എ.എ. അഷറഫ്, ഇ.എസ്. സാബു, എൻ.എസ്. വിജയൻ എന്നിവർ പറഞ്ഞു.