തൃപ്രയാർ: കാലാവധി കഴിഞ്ഞിട്ടും ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ എറ്റെടുക്കാത്തതിനെച്ചൊല്ലി നാട്ടിക പഞ്ചായത്ത് യോഗത്തിൽ ബഹളം. ട്രാഫിക് സിഗ്‌നലുമായി ബന്ധപ്പെട്ട് നഗ്‌നമായ അഴിമതി നടന്നതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. വിഷയം ചർച്ച ചെയ്യാത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങളായ ബിന്ദു പ്രദീപ്, സി.എസ്. മണികണ്ഠൻ, കെ.ആർ. ദാസൻ, ശ്രീദേവി മാധവൻ എന്നിവർ മുദ്രാവാക്യം വിളിച്ചു. അതേസമയം സെക്രട്ടറി അജണ്ട വായിക്കുന്നതിനു മുമ്പേ ബഹളം വച്ച് യോഗം യു.ഡി.എഫ് അലങ്കോലമാക്കിയെന്ന് ഭരണപക്ഷം പറഞ്ഞു. 2013ൽ യു.ഡി.എഫാണ് ജംഗ്ഷനിൽ സിഗ്‌നലും ഡിവൈഡറും സ്ഥാപിച്ചത്. ഷാ ഇന്റർ നാഷണൽ എന്ന കമ്പനിക്കായിരുന്നു കരാർ. ഇതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി ഭരണസമിതി യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, അംഗങ്ങളായ കെ.ബി. ഷൺമുഖൻ, കെ.കെ. സന്തോഷ്, നിഖിത പി. രാധാക്യഷ്ണൻ, ഐഷാബി അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.