തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വനം മന്ത്രിയുമായ കെ.പി.വിശ്വനാഥൻ (83) അന്തരിച്ചു. കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ ഇന്നലെ രാവിലെ 9.35നായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തിന് ഡയാലിസിസ് ചെയ്ത് വരുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ ഡയാലിസിസിനിടെ രക്തസമ്മർദ്ദം താഴ്ന്ന് ഹൃദയാഘാതം സംഭവിച്ചു.

ഇന്ന് രാവിലെ 9.30 ഓടെ പാട്ടുരായ്ക്കൽ വസന്ത് നഗറിലെ വീട്ടിൽ നിന്ന് എം.ജി. റോഡിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മൃതദേഹമെത്തിക്കും. 12.30 വരെ പൊതുദർശനം. തിരികെ വീട്ടിലെത്തിച്ച് രണ്ടരയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിക്കും. പത്ത് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിച്ച അദ്ദേഹം ആറ് തവണ സാമാജികനായി. രണ്ട് തവണ മന്ത്രിയായി. 1991ൽ കരുണാകരന്റെ മന്ത്രിസഭയിലും 2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലുമാണ് മന്ത്രിയായത്. രണ്ട് തവണയും കാലാവധി തികച്ചില്ല.ചന്ദന മാഫിയയുമായി അന്ന് വനം മന്ത്രിയായിരുന്ന കെ.പി.വിശ്വനാഥന്റെ ഓഫീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് ധാർമ്മികതയുടെ പേരിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജി വച്ചത്.ഹൈക്കോടതി ഈ

പരാമർശം പിന്നീട് പിൻവലിച്ചെങ്കിലും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയില്ല.

ചിറയ്ക്കൽ ഇഞ്ചമുടി മാടക്കാവിൽ ലളിതയാണ് ഭാര്യ. മക്കൾ: അഡ്വ.കെ.വി.രഞ്ജിത്ത്, കെ.വി.സഞ്ജിത്ത് (ബിസിനസ്). മരുമക്കൾ: അമൽ രഞ്ജിത്ത്, ഐശ്വര്യ സഞ്ജിത്ത്.