
തൃശൂർ: കെ.പി.വിശ്വനാഥനെ കൈ പിടിച്ച് സജീവ രാഷ്ട്രീയത്തിലേക്കും നേതൃപദവികളിലേക്കും വഴി നടത്തിയത് എ.കെ.ആന്റണിയും വയലാർ രവിയും ഉമ്മൻ ചാണ്ടിയുമായിരുന്നു. അന്ന് എറണാകുളം ലാ കോളേജിലെ പഠനകാലം. വിദ്യാർത്ഥി സംഘടനാ നേതാക്കളായിരുന്ന മൂന്നു പേരും വിദ്യാർത്ഥി യുവജന രാഷ്ട്രീയ പുസ്തകം തുറന്നു വച്ചു. ആ പാഠങ്ങൾ പഠിച്ച് കെ.പി.വിശ്വനാഥൻ ആവേശം കൊണ്ടു.
1964ൽ എറണാകുളം ലാ കോളേജിൽ കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയും ഇലക്ഷൻ കമ്മിറ്റി കൺവീനറുമായി. ഉമ്മൻചാണ്ടി അന്ന് കോളേജിലെ കെ.എസ്.യു നേതാവായിരുന്നു. 1966 ൽ ആദ്യമായി എ.ഐ.സി.സി. സമ്മേളനം എറണാകുളത്ത് നടന്നപ്പോൾ വോളണ്ടിയറായി നേതൃത്വത്തിന്റെ പ്രശംസ നേടി. പഠനശേഷം അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന പി.വി.അയ്യപ്പന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു.
1963ൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിൽ പ്രവേശിച്ച കെ.പി, 1967ൽ ജില്ലാ പ്രസിഡന്റായി.
എ ഗ്രൂപ്പിന്റെ കരുത്തനായ വക്താവായി ജില്ലയിലെ കോൺഗ്രസിനെ വളർത്തി. ഗ്രൂപ്പ് നിലപാടിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല, എന്നാൽ നേതൃത്വത്തെ തിരുത്താനും വിമർശിക്കാനും മടിച്ചില്ല. 1970 ൽ ഡി.സി.സി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നംകുളത്തെ കന്നി മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ 1977 ൽ കുന്നംകുളത്ത് നിന്ന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. കന്നിയങ്കത്തിൽ തോൽപ്പിച്ച സി.പി.എമ്മിലെ ടി.കെ.കൃഷ്ണനെയാണ് ഇടതുകോട്ടയിൽ മലർത്തിയടിച്ചത്. പത്ത് തവണ നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ കഴിഞ്ഞ അപൂർവം നേതാക്കളിൽ ഒരാളാണ് കെ.പി.
ബാസ്‌കറ്റ് ബാൾ
ടീം ക്യാപ്ടൻ
മികച്ച സ്‌പോർട്‌സ് താരമായിരുന്ന വിശ്വനാഥൻ തൃശൂർ കേരളവർമ്മ കോളേജിലെ പഠനകാലത്ത് ബാസ്‌കറ്റ് ബാൾ ടീമിന്റെ ക്യാപ്ടനായിരുന്നു. ഹോക്കിയിലും അത്‌ലറ്റിക് ഇനങ്ങളിലും ഒട്ടേറെ നേട്ടം കൈവരിച്ച കായിക പ്രതിഭയായി . ഇംഗ്‌ളീഷ്, മലയാളം നാടകങ്ങൾ അഭിനയിച്ച് മികച്ച നടനുള്ള പുരസ്‌കാരങ്ങളും നേടി. നിയമസഭാ സ്പീക്കറായിരുന്ന തേറമ്പിൽ രാമകൃഷ്ണൻ കേരളവർമ്മയിൽ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു. ഗ്രൂപ്പുകൾക്ക് അതീതമായ വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നു.
ഇന്ന് അനുശോചനയോഗം
മുൻമന്ത്രിയും ജില്ലയിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ അഡ്വ.കെ.പി.വിശ്വനാഥന്റെ വേർപാടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഇന്ന് വൈകിട്ട് 5 ന് തൃശൂർ നടുവിലാൽ പരിസരത്ത് സർവകക്ഷി അനുശോചനയോഗം ചേരുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അറിയിച്ചു.