
തൃശൂർ: ജില്ലയിലെ കോൺഗ്രസിന് ദിശാബോധം നൽകിയ നേതാക്കളിൽ പ്രമുഖസ്ഥാനീയനായിരുന്നു മുൻമന്ത്രി കെ.പി.വിശ്വനാഥനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അനുസ്മരിച്ചു. വനം മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തി. മയക്കുമരുന്ന് മാഫിയാ പ്രവർത്തനവും വനം കൈയേറ്റവും തടയാൻ ശക്തമായ നടപടി സ്വീകരിച്ച അദ്ദേഹം മികച്ച നിയമസഭാ സാമാജികനും സംഘാടകനുമായിരുന്നു. കായിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
വിശാലമായ സൗഹൃദം: കെ.സി.വേണുഗോപാൽ
ആദർശദീപ്തമായ പൊതുജീവിതമായിരുന്നു മുൻമന്ത്രി കെ.പി.വിശ്വനാഥന്റേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. നിലപാടുകളിൽ കർക്കശക്കാരനെങ്കിലും സൗമ്യമായ പെരുമാറ്റം കൊണ്ട് വിശാല സൗഹൃദ ബന്ധത്തിന് ഉടമയായിരുന്നു അദ്ദേഹം. ദീർഘനാളത്തെ ആത്മബന്ധമാണ് കെ.പി.വിശ്വനാഥനുമായി ഉണ്ടായിരുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
തീരാനഷ്ടം: ഹസൻ
സംശുദ്ധ പൊതുജീവിതത്തിന്റെ ഉടമയായിരുന്ന മുൻമന്ത്രി കെ.പി.വിശ്വനാഥന്റെ നിര്യാണം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ മുൻനിര നേതാക്കളിൽ പ്രമുഖനായിരുന്നെന്നും ഹസൻ പറഞ്ഞു.