തൃശൂർ: കാർഷിക സർവകലാശാലയിൽ നാല് കൊല്ലം മുമ്പ് ലക്ഷം രൂപ വകമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി സ്റ്റേ. പച്ചക്കറി ശാസ്ത്ര വിഭാഗം മേധാവിയും ഫിഷറീസ് സർവകലാശാല വി.സി ഇൻ ചാർജ്ജുമായ ഡോ.ടി.പ്രദീപ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിനാണ് സ്റ്റേ. കമ്മിറ്റി ചെയർമാനോട് രണ്ടാഴ്ചയ്ക്കകം ഹാജരാകാൻ കോടതി ഉത്തരവിട്ടു.
ഡോ.പി.ഒ.നമീർ ചെയർമാനും ഡോ.ഇ.ജി.രഞ്ജിത്കുമാർ, ഡോ.മണി ചെല്ലപ്പൻ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്.

ഒരംഗത്തിന്റെ വിയോജിപ്പിനെ മറികടന്നുള്ള റിപ്പോർട്ട് അസാധുവാണെന്നും തള്ളിക്കളയണമെന്നും ഇല്ലാത്ത അധികാരമുപയോഗിച്ച് വ്യക്തിവിദ്വേഷം തീർക്കുകയാണെന്നും പ്രദീപ് കുമാർ കോടതിയിൽ വാദിച്ചിരുന്നു.

റിസർച്ച് അസിസ്റ്റന്റിന് ശമ്പളം നൽകാൻ പണമില്ലാതായപ്പോൾ പ്രദീപ് കുമാറിന്റെ അപേക്ഷ അംഗീകരിച്ച് തുക അനുവദിച്ചിരുന്നു. ഇതിൽ മേലധികാരിയുടെ വ്യാജ ഒപ്പും സീലുമുപയോഗിച്ച് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2022ൽ വി.സി ഡോ.ചന്ദ്രബാബു വിരമിക്കുന്ന ദിവസമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വകുപ്പിന് അനുവദിച്ച തുകയുടെ ഹെഡ് മാറ്റുന്നത് സാധാരണ നടപടിക്രമമാണെന്നും അന്നത്തെ വകുപ്പുമേധാവി വഴിയാണ് കംപ്‌ട്രോളർക്ക് അപേക്ഷ നൽകിയതെന്നും ഡോ.പ്രദീപ്കുമാർ കമ്മിറ്റിയെ ബോധിപ്പിച്ചിരുന്നു. തുകയാവശ്യപ്പെട്ട് പ്രദീപ്കുമാർ ഒരപേക്ഷയാണ് നൽകിയതെങ്കിലും കമ്മിറ്റി കണ്ടെത്തിയത് രണ്ട് അപേക്ഷകളായിരുന്നു. ഒന്നിൽ പ്രദീപ്കുമാറിന്റെ വ്യാജ ഒപ്പും ഡയറക്ടർ ഒഫ് റിസർച്ചിന്റെ വ്യാജ സീലുമുണ്ട്. വ്യാജ അപേക്ഷയുടെ ഉറവിടം തനിക്കറിയില്ലെന്നും പ്രദീപ്കുമാർ പറഞ്ഞിരുന്നു.

വിവാദവും അന്വേഷണവും

ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്താത്ത തുകയിലാണ് അന്വേഷണവും വിവാദവും. തുക മാറ്റിയ കാര്യം താനറിഞ്ഞില്ലെന്ന് മുൻ ഡയറക്ടർ (റിസർച്ച്) വി.സിയോട് പരാതിപ്പെട്ടിരുന്നുവത്രേ. തുടർന്ന് വി.സി ചന്ദ്രബാബു കംപ്‌ട്രോളറോട് വിശദീകരണം തേടി. രക്ഷപ്പെടാനായി ഡയറക്ടർ റിസർച്ചിന്റെ സീലുള്ളതിനാൽ പാസാക്കിയെന്ന് മറുപടി നൽകിയെന്നാണ് വിവരം. തുടർന്നാകാം രണ്ടപേക്ഷ പ്രത്യക്ഷപ്പെട്ടതെന്നാണ് നിഗമനം.