kfri

തൃശൂർ: ഗ്രാമീണ മേഖലയിലെ അസംഘടിത ഗവേഷകർക്കായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഒരുക്കുന്ന ഗ്രാമീണ ഗവേഷക സംഗമം (റൂറൽ ഇന്നൊവേറ്റേഴ്‌സ് മീറ്റ്) 19, 20 തീയതികളിൽ പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ (കെ.എഫ്.ആർ.ഐ) നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 പേർ അവരുടെ കണ്ടുപിടിത്തം അവതരിപ്പിക്കുമെന്ന് ഡോ.ടി.വി.സജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച സാങ്കേതിക വിദ്യക്ക് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനമുള്ള മുഖ്യമന്ത്രിയുടെ റൂറൽ ഇന്നൊവേഷൻ അവാർഡ് നൽകും. 25,000 രൂപയാണ് രണ്ടാം സമ്മാനം. അഞ്ച് മികച്ച കണ്ടുപിടിത്തങ്ങൾക്ക് 5,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും. രണ്ട് വിദ്യാർത്ഥികൾക്കും 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന ഇന്നൊവേഷൻ അവാർഡ് നൽകും. 19ന് രാവിലെ 10ന് കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് വരെ സാങ്കേതിക വിദ്യാ പ്രദർശനമാണ്.

20ന് രാവിലെ ഒമ്പത് മുതൽ 10 വരെ പ്രഭാഷണ പരിപാടികളാണ്. വൈകിട്ട് മൂന്നിന് സമാപനച്ചടങ്ങിൽ മികച്ച ഗവേഷകർക്കുള്ള സമ്മാനം വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ.എ.വി.രഘു, ആർ.അരുൺ എന്നിവരും പങ്കെടുത്തു.