കുഴിക്കാട്ടുശ്ശേരി: കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ മലയാള കവിതാദിനാഘോഷം 17ന് നടക്കും. കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ നൂറാം വാർഷിക ദിനമായ 2016 ലെ ധനു 1 മുതലാണ് ഗ്രാമിക ധനു 1 മലയാള കവിതാദിനമായി ആചരിക്കുന്നത്. കവിതപ്പെയ്ത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ വർഷത്തെ പരിപാടി രാവിലെ 9.30ന് അഞ്ച് കവികൾ ചേർന്നുള്ള മലയാളകവിതയുടെ കൊടിയേറ്റത്തോടെ ആരംഭിക്കും. 10 മണിക്കുള്ള ചാറ്റൽമഴ സെഷനിൽ കവയിത്രികളായ ഇ. സന്ധ്യ, റോസി തമ്പി, ഷീജ വക്കം, നിഷ നാരായണൻ എന്നിവർ പങ്കെടുക്കുന്ന കാവ്യസംവാദമാണ്. ബിലു പത്മിനി നാരായണൻ മോഡറേറ്ററാകും. തുടർന്ന് 11.30ന് ഓർമ്മ മഴയിൽ പ്രശസ്ത നിരൂപകൻ കെ.സി. നാരായണൻ കവിതയും മൗനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. രണ്ടു മണിക്കുള്ള തോരാമഴയിൽ കവിത ചൊല്ലും പറച്ചിലുമായി മലയാളത്തിലെ പ്രമുഖരായ നൂറോളം കവികൾ പങ്കെടുക്കും. നാലു മണിക്കുള്ള വേനൽമഴ സമാപന സമ്മേളനം ഡോ. എസ്.കെ. വസന്തൻ ഉദ്ഘാടനവും ആശാന്റെ സ്‌നേഹ സ്വാതന്ത്ര്യ സങ്കൽപ്പങ്ങളെക്കുറിച്ച് പ്രഭാഷണവും നടത്തും. സാഹിത്യ അക്കാഡമി കവിതാ പുരസ്‌കാരം നേടിയ എൻ.ജി. ഉണ്ണിക്കൃഷ്ണനേയും എഴുത്തച്ഛൻ പുരസ്‌ക്കാരം നേടിയ എസ്.കെ. വസന്തനേയും കവി ഡോ. സി. രാവുണ്ണി ആദരിക്കും. സമ്മേളനാനന്തരം വൈകിട്ട് 7ന് പുല്ലൂർ ചമയം നാടക വേദിയുടെ ഇലകൾ പച്ച എന്ന നാടകത്തിന്റെ അവതരണമുണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ ഇ.കെ. മോഹൻദാസ്, പി.ബി. ഹൃഷികേശൻ, എം.സി. സന്ദീപ് എന്നിവർ അറിയിച്ചു.