ഇരിങ്ങാലക്കുട : നഗരസഭ 2023-2024 വർഷത്തെ പദ്ധതി വിഹിതത്തിൽ ഇതുവരെ ചെലവഴിച്ചത് 19 ശതമാനം മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ അടിയന്തര ഇടപടലും നിരീക്ഷണവും വേണമെന്ന് കൗൺസിൽ യോഗം. വികസകാര്യ, പൊതുമരാമത്ത് കമ്മിറ്റികൾ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. പദ്ധതികൾ നടപ്പാക്കുന്നതിന് കരാറുകാർക്ക് മുൻകൂർ അനുമതി നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കോന്തിപുലം പാലത്തിലും പുത്തൻതോട് പാലത്തിലും ബി.ഒ.ടി വ്യവസ്ഥയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് കൗൺസിൽ യോഗം അനുമതി നൽകി. നഗരസഭയുടെ നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ ഡിവിഷനിലും കളക്്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. നഗരസഭ നിർമ്മിക്കുന്ന കെട്ടിടങ്ങൾ അശാസ്ത്രീയമായാണെന്നും ഇതുമൂലം മുറികൾ ലേലത്തിൽ പോകുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഷീ ലോഡ്ജിനായി നിർമ്മിക്കുന്ന കെട്ടിടത്തിന് പാർക്കിംഗിന് സ്ഥലമില്ലാത്തതിനാൽ തോട് കൈയേറിയ നിലയിലാണ്. കെട്ടിടത്തിൽ ആവശ്യമായ വായു സഞ്ചാരം പോലുമില്ല. പുതിയ ടൗൺഹാൾ കോംപ്ലക്‌സ് നിർമാണത്തിലെങ്കിലും പാകപ്പിഴകൾ പരിഹരിച്ച് വേണം ഡിസൈൻ തയ്യാറാക്കാനെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്നും അർഹരായ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുതിനുള്ള നടപടി ഉണ്ടാകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയിൽ നിന്നും ഫയലുകൾ നഷ്ടമാകുന്നതിന് ഇനിയും പരിഹാരമായിട്ടില്ലെന്നും നഗരസഭയുടെ ആസ്തി രജിസ്ടറിൽ ചേർക്കാനുള്ള ഫയലുകൾ പോലും നഷ്ടപ്പെട്ടിരിക്കുകയാണും അംഗങ്ങൾ കുറ്റപ്പെടുത്തി. തളിയകോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഓഫീസ് കെട്ടിടവും പഴയ സ്റ്റേജും പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെണ്ടറിൽ കാണിച്ചിട്ടുള്ള വസ്തുക്കൾ മാത്രമെന്ന് അവിടെ നിന്നും മാറ്റാവൂവെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരസഭാ ചെയർപേഴ്‌സൻ സുജ സജ്ഞീവ്കുമാർ അദ്ധ്യക്ഷയായി. അഡ്വ. കെ.ആർ. വിജയ, സി.സി. ഷിബിൻ, അൽഫോൻസ തോമസ്, സന്തോഷ് ബോബൻ, ടി.കെ. ഷാജു, എം.ആർ. ഷാജു, പി.ടി. ജോർജ് എന്നിവർ സംസാരിച്ചു.