കൊടുങ്ങല്ലൂർ : കയ്പമംഗലം മണ്ഡലത്തിന്റെയും കൊടുങ്ങല്ലൂർ നഗരസഭയുടെയും പരിധിയിൽപ്പെട്ട ഭിന്നശേഷിക്കാർക്കുവേണ്ടി വൈകല്യ നിർണയ മെഡിക്കൽ ബോർഡ് ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബർ 19ന് മതിലകം പള്ളിവളവ് സാൻജൊ ഓഡിറ്റേറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. രാവിലെ 8.30 മുതൽ 11 മണി വരെയാണ് ക്യാമ്പിലെ രജിസ്‌ട്രേഷൻ സമയം. രജിസ്‌ട്രേഷൻ സമയത്ത് രോഗിയെ കൊണ്ടുവരണമെന്നില്ല. എന്നാൽ 10 മണി മുതൽ ഡോക്ടർമാർ പരിശോധന ആരംഭിക്കുമ്പോൾ ടോക്കൻ നമ്പർ അനുസരിച്ച് രോഗിയെ ഹാജരാക്കണം. അസുഖം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തവർ അസുഖവുമായി ബന്ധപ്പെട്ട സർക്കാർ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ കണ്ട് സർട്ടിഫിക്കറ്റ് വാങ്ങിവരണം.
പുതിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കാലാവധി കഴിഞ്ഞ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ വരുന്നവർ https://www.swavlambancard.gov.in(UDID) എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തു ലഭിക്കുന്ന രസീതുമായി എത്തണം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാൽ ലഭിക്കുന്ന എന്റോൾമെന്റ് നമ്പർ ഉൾപ്പെടുന്ന രസീത് നിർബന്ധമായും കൊണ്ടുവരണം. യു.ഡി.ഐ.ഡി കാർഡുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അപേക്ഷകന്റെ അസുഖം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. (ഡിസ്ചാർജ് സമ്മറി, എം.ആർ.ഐ, സി.ടി സ്‌കാൻ, എക്‌സറേ, ഐക്യൂ ടെസ്റ്റ് റിപ്പോർട്ട് തുടങ്ങിയവ). ബുദ്ധിപരമായ വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൾസിയോടൊപ്പം ബുദ്ധിപരമായ വെല്ലുവിളി, ഗ്ലോബൽ ഡെവലപ്‌മെന്റൽ ഡിലേയ്, ഡൗൺ സിൻഡ്രോം എന്നീ പ്രശ്‌നങ്ങൾ നേരിടുന്നവർ സർക്കാർ ആശുപത്രിയിൽ നിന്നും ആറു മാസത്തിനകം ചെയ്ത ഐക്യൂ അസസ്‌മെന്റ് റിപ്പോർട്ട് നിർബന്ധമായും കൊണ്ടുവരണം. ഐക്യു റിപ്പോർട്ട് ഇല്ലാത്തവർക്ക് നിയമപ്രകാരം സർട്ടിഫിക്കറ്റ് നൽകാനാകില്ല. കേൾവി പരിശോധന നടത്തുന്നതിന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, തൃശൂർ ഗവ. മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സമീപിക്കാം. സംശയങ്ങൾക്ക്: 9895302954.