
തൃശൂർ : ആറര പതിറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി.വിശ്വനാഥന് തൃശൂരിന്റെ അശ്രുപൂജ. പാട്ടുരായ്ക്കലിലുള്ള വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ മുതിർന്ന നേതാക്കളായ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, ഒ.അബ്ദുറഹിമാൻകുട്ടി, പി.എ.മാധവൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. നേതാക്കളായ ജോസഫ് ടാജറ്റ്, ഉസ്മാൻ ഖാൻ, സുനിൽ അന്തിക്കാട്, അഡ്വ.വി.സുരേഷ് കുമാർ, എ.പ്രസാദ്, എൻ.എസ്.അയൂബ് എന്നിവരുമുണ്ടായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും കോ ഓപറേറ്റീവ് കോളേജിലും പുതുക്കാട് കോൺഗ്രസ് ഓഫീസിലും പൊതുദർശനത്തിന് വച്ചപ്പോഴും നൂറ് കണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. നിരവധി പേർ നിര്യാണത്തിൽ അനുശോചിച്ചു. മന്ത്രി കെ.രാജനായി കളക്ടർ വി.ആർ.കൃഷ്ണ തേജ അന്ത്യോപചാരം അർപ്പിച്ചു. ടി.സിദ്ദിഖ്, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിക്കായി കെ.വി.അബ്ദുൾ ഖാദർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. എം.പിമാരായ ടി.എൻ.പ്രതാപൻ, ബെന്നി ബഹ്നാൻ, രമ്യ ഹരിദാസ്, എന്നിവർ അനുശോചിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി, സെക്രട്ടറി ആന്റോ മോഹൻ തോട്ടുങ്ങൽ, രാജൻ പല്ലൻ എന്നിവർ അനുശോചിച്ചു.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം, സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ പ്രസിഡന്റ്, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ, അളഗപ്പനഗർ ടെക് സ്റ്റൈൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.യു.സി പ്രസിഡന്റ്, പ്രിയദർശിനി സഹകരണ ആശുപത്രി പ്രസിഡന്റ്, തൃശൂർ താലൂക്ക് സഹകരണ വിദ്യാഭ്യാസ സൊസൈറ്റി പ്രസിഡന്റ്, ജവഹർ ദർശന വേദി ചെയർമാൻ എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. നിലവിൽ തൃശൂർ സഹകരണ കോളേജ് പ്രസിഡന്റാണ്.
മൂന്ന് ദിവസം ദു:ഖാചരണം
കെ.പി.വിശ്വനാഥനോടുള്ള ആദരസൂചകമായി മൂന്ന് ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം ജില്ലയിൽ നടത്താനിരുന്ന പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിയതായി ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ അറിയിച്ചു.
ജില്ലയിൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാളായിരുന്ന കെ.പി.വിശ്വനാഥൻ. എം.എൽ.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. വ്യക്തിപരമായി അതീവസൗഹൃദം പുലർത്തി.
രമേശ് ചെന്നിത്തല
മുൻ പ്രതിപക്ഷ നേതാവ്