
തൃശൂർ: പീച്ചി വനഗവേഷണ കേന്ദ്രത്തിലെ രണ്ട് വർഷത്തെ പരീക്ഷണത്തിൽ പിറന്ന കാർബൺ പുറന്തള്ളൽ കുറഞ്ഞ, പ്രകൃതിക്കിണങ്ങിയ ചന്ദനത്തിരിക്ക് പേറ്റന്റ്. നെല്ലിയാമ്പതിയിലും ചിന്നാറിലുമുള്ള ലിറ്റ്‌സിയ ഡെക്കാനെൻസിസ് സസ്യത്തിന്റെ തോടിൽ നിന്നാണ് നിർമ്മാണത്തിനുള്ള മിശ്രിതം തയ്യാറാക്കുന്നത്. ഇതിന് കൂടുതൽ പശിമയും ഉറപ്പുമുണ്ട്. ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും കാടുകളിലാണ് ലിറ്റ്‌സിയ ഡെക്കാനെൻസിസുള്ളത്. 45 സസ്യങ്ങളിലായിരുന്നു പരീക്ഷണം.
ലിറ്റ്‌സിയ ഗ്‌ളൂട്ടിനോസ ചെടിയുടെ തൊലിയാണ് മുമ്പ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ലഭ്യത കുറഞ്ഞതോടെ മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള പൗഡർ ഉൾപ്പെടെയുള്ളവ എത്തിച്ചു. തുടർന്ന് കുഴമ്പാക്കി മുളങ്കോലിൽ തേച്ചുപിടിപ്പിച്ച് ഉണക്കി വാസന പുരട്ടിയാണ് തിരിയുണ്ടാക്കുന്നത്. ഇതേ മിശ്രിതത്തിൽ ധൂപത്തിരിയും ധൂപക്കോണുമുണ്ടാക്കാം.
മുളങ്കോലുണ്ടാക്കുമ്പോൾ 70 ശതമാനം പാഴാകുമായിരുന്നു. എന്നാൽ മുളങ്കോലിന്റെ പൊടിയും കരിയും കുഴമ്പാക്കിയും ഉപയോഗിക്കാമെന്ന് കണ്ടെത്തിയതോടെ മരത്തിന്റെ ഉപയോഗം നിലവിലുള്ളതിന്റെ പകുതിയാകും.
കത്തുന്നത് 40 മിനിറ്റ്
പുതിയ തിരി 40 മിനിറ്റ് കത്തും. ഇത് വിപണിയിലുള്ളവയെക്കാൾ 20-25 ശതമാനം കൂടുതലാണ്. 10 സെന്റിമീറ്റർ നീളവും മൂന്ന് മില്ലിമീറ്റർ വണ്ണവുമുള്ള തിരികളിലെ പരീക്ഷണത്തിൽ കാർബൺ പുറന്തള്ളൽ കുറവാണെന്നും ഡോ. ആർ. ജയരാജ്, ഉണ്ണിമായ രവീന്ദ്രൻ, ഡോ. വി.ബി. ശ്രീകുമാർ, ഡോ. ശ്യാം വിശ്വനാഥ് എന്നിവർ കണ്ടെത്തി.
കാർബൺ പുറന്തള്ളൽ (പാർട്ട് പെർ മില്യൺ പി.പി.എം)
നിലവിലുള്ളതിൽ: 2600-3600
പുതിയതിൽ ശരാശരി: 2000
'സാങ്കേതികവിദ്യ കൈമാറാനും ലിറ്റ്‌സിയ ഡെക്കാനെൻസിസിന്റെ പ്‌ളാന്റേഷനുണ്ടാക്കാനും ആലോചനയുണ്ട്".
- ഡോ. ആർ. ജയരാജ്