ചേർപ്പ്: പൊന്തക്കാടുകൾ മൂലം കാനന വഴികൾക്ക് സമാനമായി മാറിയിരിക്കയാണ് ചേർപ്പ് പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകൾ. റോഡിന് ഇരുവശങ്ങളിലും നിറഞ്ഞുനിൽക്കുന്ന പൊന്തക്കാടുകൾ ബന്ധപ്പെട്ടവർ വെട്ടി വൃത്തിയാക്കാത്തതിനാൽ യാത്രക്കാരും ദുരിതം പേറുകയാണ്. അരികുകളിലെ പൊന്തക്കാടുകൾ റോഡിലേക്കും തൂങ്ങി നിൽക്കുന്നത് വാഹനങ്ങൾക്കും കൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ചങ്ങരയിൽ റോഡ്, തായംകുളങ്ങര, ഭഗവതി ക്ഷേത്ര പരിസരം, കടാമ്പുഴ റോഡ്, പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി തുടങ്ങിയ നിരവധി റോഡുകളിൽ പലയിടങ്ങളിലും വഴിയോരം കാട് കയറിയ നിലയിലാണ്. ആദ്യകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ റോഡുകളും വീട്ടുപറമ്പുകളും വൃത്തിയാക്കുന്ന പ്രവൃത്തികളിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോഴതില്ല. റോഡ് പരിസരങ്ങൾ വൃത്തിയാക്കുന്നതിന് ഫണ്ടും അപര്യാപ്തമാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പൊന്തക്കാടുകൾക്കിടയിൽ രാത്രിയുടെ മറവിൽ മാലിന്യ വസ്തുക്കളും സാമൂഹ്യ വിരുദ്ധർ കൊണ്ടിടുന്നതും പതിവായിരിക്കുകയാണ്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും പ്രദേശങ്ങളിൽ വർദ്ധിച്ചിരിക്കുകയാണ്. പൊന്തക്കാടുകൾ വെട്ടിമാറ്റി യാത്രാദുരിതം പരിഹരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.