
കുന്നംകുളം: സംസ്ഥാന ഗവർണറെ മുമ്പിൽ നിറുത്തിയാണ് കേന്ദ്രം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശ്രമിക്കുന്നതെന്ന് ജെയ്ക്ക് സി.തോമസ് പറഞ്ഞു. കുന്നംകുളത്ത് കെ.എസ്.ടി.എ തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് അദ്ധ്യാപകർ യോദ്ധാക്കളാകണം. കേരളത്തിലെ ഉച്ചക്കഞ്ഞിക്ക് കേന്ദ്രവിഹിതം തരാതെ മണ്ണ് വാരിയിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സജീവ് അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എം.എൻ.സത്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സുധീഷ്, ഇ.നന്ദകുമാർ, ലക്ഷ്മണൻ, കെ.പ്രമോദ്, കെ.വി.ബെന്നി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് ബി.സജീവ് പതാക ഉയർത്തി. പൊതുസമ്മേളനം മുൻ എം.പി എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.സജീവ് അദ്ധ്യക്ഷനായി. ഇന്ന് രാവിലെ 10.30ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രൊഫ.കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.