വാടാനപ്പിള്ളി : നടുവിൽക്കരയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം. വാഴകളും കൊള്ളിയും മറ്റ് പച്ചക്കറി വിളകളും നശിപ്പിക്കുന്നത് വർദ്ധിച്ചതോടെ കർഷകർ ദുരിതത്തിലായി. പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ രവീന്ദ്രൻ മാസ്റ്ററുടെ വീട്ടിലെ കൃഷിയിടത്തിലെ വാഴ, കൊള്ളി തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. രവീന്ദ്രൻ മാസ്റ്ററുടെ മകൻ മനോജാണ് ജോലിക്കിടയിൽ പറമ്പിൽ ജൈവക്കൃഷിയും മറ്റും ചെയ്തു വരുന്നത്. പുത്തില്ലത്ത് ക്ഷേത്രത്തിന് അടുത്ത് ഷാജിയുടെ വീട്ടിലെ കൃഷിയും കാട്ടുപന്നി നശിപ്പിച്ചു. മാമ എന്നയാളുടെ വീട്ടിലെ പച്ചക്കറിക്കൃഷിയും നശിപ്പിച്ച നിലയിലാണ്. സുനിൽ നടത്തിവരുന്ന റേഷൻ കടയ്ക്ക് സമീപം വച്ച് മകൻ പുലർച്ചെ പന്നിക്കൂട്ടത്തെ കണ്ടിരുന്നു. ഷാജി എന്നയാൾ രാത്രി രണ്ട് തള്ളയും മൂന്ന് കുട്ടികളുമടക്കം അഞ്ച് കാട്ടുപന്നികളെ കണ്ടിരുന്നു. മറ്റ് ചിലരും രാത്രി ഇവയെ കണ്ടിരുന്നു. പരിസരത്ത് മുള്ളൻപന്നിയുടെ ശല്യവും രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നതോടൊപ്പം ആളുകളെ ആക്രമിക്കുമോ എന്ന ഭയവും പ്രദേശവാസികൾക്കുണ്ട്. പുത്തില്ലത്ത് ക്ഷേത്ര പരിസരത്തെ കാട്ടിലാണ് കാട്ടുപന്നിക്കൂട്ടവും മുള്ളൻപന്നിയും തമ്പടിച്ചിരിക്കുന്നത്. രാത്രി സമയത്താണ് ഇവയുടെ ശല്യം ഏറിയിട്ടുള്ളത്. ഇവയെ പിടികൂടാൻ ബന്ധപ്പെട്ടവർ നടപടി കൈകൊള്ളണമെന്ന ആവശ്യം ശക്തമാണ്.