modi

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന് ബി.ജെ.പി ഒരുക്കം തുടങ്ങി. ജനുവരി രണ്ടിനാണ് സമ്മേളനം. സംഘാടക സമിതി യോഗം കൗസ്തുഭം ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണത്തിനായി മോദി സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്ന് സുരേന്ദ്രൻ പറഞ്ഞു. വനിതാ സംവരണ ബിൽ, മുത്തലാക്ക് നിരോധനം, ജൻധൻ അക്കൗണ്ടുകൾ, നാരീശക്തി യോജന, ബേഠി ബചാവോ, ബേഠി പഠാവോ, സ്വയംതൊഴിൽ വായ്പകൾ, സൗജന്യ പാചക വാതക വിതരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ ഇതിൽപെടുന്നു. രണ്ട് ലക്ഷം വനിതകളാണ് സമ്മേളനത്തിൽ അണിനിരക്കുക. ഉച്ചയ്ക്ക് 12ന് തേക്കിൻകാട് മൈതാനിയിലാണ് സമ്മേളനം. സംഘാടക സമിതി യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി പാർട്ടി യോഗത്തിനെത്തിയ ദേവനെ കെ.സുരേന്ദ്രൻ ഷാളണിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, സി.സദാനന്ദൻ, വി.ഉണ്ണികൃഷ്ണൻ, ബി.രാധാകൃഷ്ണമേനോൻ, രവികുമാർ ഉപ്പത്ത്, ഷാജുമോൻ വട്ടേക്കാട്, കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, കവിത ബിജു, വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്, ഡോ.വി.ആതിര, ഇ.പി.ജാൻസി തുടങ്ങിയവർ പങ്കെടുത്തു.