
തൃശൂർ: വണ്ടിപ്പെരിയാറിൽ ക്രൂരമായി വേട്ടയാടപ്പെട്ട പിഞ്ചു കുഞ്ഞിന് നീതി തേടി മാതൃ പ്രതിഷേധം സംഘടിപ്പിച്ച മഹിളാമോർച്ച പ്രവർത്തകരെ തടവിലാക്കിയ പൊലീസ് നടപടി അപലപനീയമാണെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് കരിദിനമാചരിക്കും. ശിശു ഘാതകന് രക്ഷപ്പെടാൻ പാകത്തിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തി കേസ് അട്ടിമറിച്ച പൊലീസിനെതിരെയാണ് മഹിളാമോർച്ചയുടെ പ്രതിഷേധം. ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ സമാനതകളില്ലാത്ത അതിക്രമവും കൈയേറ്റവുമാണ് നടത്തിയത്. നീതികേടിനെതിരെ പ്രതികരിച്ച മഹിളാമോർച്ച പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കാനും പൊലീസ് ശ്രമിക്കുകയാണ്.