file

തൃശൂർ : തൃശൂർ ഗവ. മെഡിക്കൽ കോളേജ് സാമ്പത്തിക തട്ടിപ്പ് കേസിലെ ഫയലുകൾ കടത്തിയ സംഭവത്തിൽ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറിയും വികസനസമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് ആവശ്യപ്പെട്ടു.

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഉത്തരവാദിത്തപ്പെട്ട തസ്തികയിൽ നിന്ന് തോളൂർ സി.എച്ച്.സിയിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാൻ മെഡിക്കൽ കോളേജിലേക്ക് വിളിച്ചു വരുത്തിയത്. ഇത് സംശയാസ്പദമായ നടപടിയാണെന്ന് രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു. രേഖകളിൽ കൃത്രിമം നടത്താനും അന്വേഷണം വഴി തിരിച്ചുവിടാനും ഫയൽ കടത്തൽ കാരണമാകും. ഡെപ്യൂട്ടി സൂപ്രണ്ടും ആർ.എം.ഒയും ഭരണ തലപ്പത്തെ സ്വാധീനത്തിൽ ഇപ്പോഴും അതേ ചുമതലയിൽ തുടരുകയാണെന്ന് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.