
വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കിയെന്ന് സർക്കാരും ഉദ്യോഗസ്ഥരും അവകാശപ്പെടുമ്പോഴും തെരുവുകളിൽ നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കൂട്ടിലുളള കോഴികളെ വരെ കടിച്ചുകീറുന്ന സംഭവങ്ങളുണ്ടായി. രാത്രി കാലങ്ങളിലും നഗരങ്ങളിൽ ശല്യമേറെ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേസ്റ്റേഷനുകളിലും മാർക്കറ്റുകളിലും നാട്ടിൻപുറങ്ങളിലും നായ്ക്കളുടെ ശല്യം കൂടിവരുന്നതായാണ് പരാതി. മത്സ്യ-മാസ മാർക്കറ്റുകളിലാണെങ്കിൽ പറയുകയും വേണ്ട. മാലിന്യങ്ങൾ വലിച്ചെറിയുന്നതും തെരുവുകളിൽ കൂമ്പാരമായി കൂട്ടിയിടുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഭക്ഷണശാലകൾക്കും വഴിയോരകച്ചവടകേന്ദ്രങ്ങൾക്കും തട്ടുകടകൾക്കും ചുറ്റുമായി നായ്ക്കൾ കറങ്ങിനടക്കുന്ന സാഹചര്യമാണ്. കുട്ടികളേയും വയോജനങ്ങളേയും ആക്രമിക്കുന്ന സംഭവങ്ങളുമേറെ. തൃശൂർ ജില്ലയിൽ തന്നെ ചാവക്കാട്, വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലും മാള ബ്ളോക്കിലുമായി തെരുവുനായ് വന്ധ്യംകരണ കേന്ദ്രങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞ ജൂണിൽ തീരുമാനിച്ചെങ്കിലും എൺപത് ശതമാനം നിർമ്മാണമെങ്കിലും പൂർത്തിയായത് ഒരിടത്തുമാത്രമാണ്. വന്ധ്യംകരണം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും തെരുവുനായ് ആക്രമണം കൂടുന്ന സാഹചര്യത്തിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ആറ്മാസമായി വെെകുന്നത്.
ചാവക്കാട് മൃഗാശുപത്രിയോട് ചേർന്നുളള കേന്ദ്രമാണ് ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കിയത്. ഇത് ജനുവരിയിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മാളയിൽ നാൽപ്പത് ശതമാനത്തോളം പണി പൂർത്തിയായെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ചുരുങ്ങിയത് മൂന്നുമാസമെങ്കിലും വേണം പണി പൂർത്തിയാകാൻ. അതേസമയം, വടക്കാഞ്ചേരിയിൽ ഒന്നുമായിട്ടില്ല. മണ്ണിടിയുന്നതിനാൽ നിർമ്മാണപ്രവർത്തനം നടത്താനാവില്ലെന്ന നിർദ്ദേശത്തെ തുടർന്നാണിത്. കഴിഞ്ഞദിവസം ചെറുതുരുത്തിയിൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചു കൊന്നിരുന്നു. വാടാനപ്പളളിയിലും തൃശൂർ നഗരത്തിലും അടക്കം തെരുവുനായ് ശല്യമുണ്ട്. ആക്രമകാരികളുമായ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നത് വന്ധ്യംകരണത്തിലെ പരാജയമാണെന്നും ആക്ഷേപമുണ്ട്. പകൽസമയത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ അക്രമകാരികളല്ല. വന്ധ്യംകരിച്ചു കഴിഞ്ഞാൽ നായ്ക്കളുടെ അക്രമാസക്തി പൊതുവേ കുറയുമെന്നായിരുന്നു വിശ്വാസം. പക്ഷേ, ആ വിശ്വാസവും നഷ്ടപ്പെട്ട നിലയിലാണ്. രാത്രിയിൽ പൂത്തോളിലും ശക്തനിലും വക്കേ സ്റ്റാൻഡിലും നായ്ക്കളെ പേടിച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്.
മുന്നിൽ തൃശൂർ
കോർപ്പറേഷൻ
തൃശൂർ കോർപ്പറേഷന്റെ കീഴിലുളള പറവട്ടാനി കേന്ദ്രത്തിൽ വന്ധ്യംകരണം നടപ്പാക്കുന്നുണ്ട്. അത് സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു. ആയിരക്കണക്കിന് നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിച്ചത്. പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ തെരുവുനായ്ക്കളെ പിടികൂടിയാണ് നിലവിലുള്ള മൃഗാശുപത്രിയോട് ചേർന്ന് തുടങ്ങുന്ന കേന്ദ്രങ്ങളിലെത്തിക്കുക. ഡോക്ടർ അടക്കമുള്ള സംഘം വന്ധ്യംകരണം നടത്തിയ ശേഷം നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.
ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായ്ക്കളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്‌സും അറ്റൻഡറും അടക്കം അഞ്ച് ജീവനക്കാർ എന്നിവയാണ് വന്ധ്യംകരണകേന്ദ്രങ്ങൾ തുടങ്ങാൻ വേണ്ടത്. ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ ചെലവ്: 2100 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.
തെരുവുനായ്ശല്യം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ (എ.ബി.സി) മേൽനോട്ട ചുമതല ജില്ലാ പഞ്ചായത്തുകൾക്ക് നൽകിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും നഗരസഭ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ പണം തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തിന് നൽകണം. ഇതു സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾക്ക് സ്വന്തം നിലയിലും പദ്ധതി നടപ്പാക്കാം. അതിന് രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ ഒരുക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ആൺ നായയെ നാലു ദിവസവും പെൺ നായയെ അഞ്ചു ദിവസവും ഷെൽട്ടറിൽ പാർപ്പിച്ച് ആരോഗ്യം ഉറപ്പാക്കി പിടിച്ചിടത്ത് തിരിച്ചെത്തിക്കണം തുടങ്ങിയവയെല്ലാമായിരുന്നു നിർദ്ദേശങ്ങൾ.
വാക്സിനേഷൻ
തുടരുന്നു
മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ തലങ്ങളിൽ ആനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ആറുമാസം മുൻപ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ജൂൺ വരെ 18852 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 33363 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകി. 4.7 ലക്ഷം വളർത്തു നായകൾക്ക് വാക്‌സിനും ആറ് മാസം മുൻപുവരെ നൽകിയിരുന്നു.
എല്ലാ ബ്ളോക്കിലും ഒന്നുവീതം വന്ധ്യംകരണകേന്ദ്രങ്ങൾ തുടങ്ങുക എന്നതാണ് ലക്ഷ്യമിടുന്നത്. കെട്ടിടവും വാഹനവും ജീവനക്കാരും അടക്കമുള്ള സൗകര്യം ലഭ്യമാക്കാനുള്ള തടസമാണ് പലയിടത്തെയും പ്രവർത്തനം നിലച്ചതിനു പിന്നിൽ.
വലിച്ചെറിയുന്ന
ഭക്ഷണം അപകടം
ഭക്ഷണം കിട്ടാത്ത സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ മാലിന്യമുള്ള സ്ഥലങ്ങളിലേക്ക് വന്നുചേരും. ഭക്ഷണാവശിഷ്ടം തെരുവിൽ കുമിയുന്തോറും നായ്ക്കളുടെ എണ്ണവും കൂടും. പ്രകോപനം ഉണ്ടാക്കുമ്പോഴാണ് തെരുവുനായ്ക്കൾ അക്രമിക്കുന്നതെന്നും പേ പിടിച്ച നായ്ക്കൾ കണ്ടവരെയെല്ലാം കടിക്കുമെന്നും മൃഗസംരക്ഷണ വിദഗ്ദ്ധർ പറയുന്നു.
തെരുവ് നായ്ക്കുട്ടികളിലെ ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) 13 വർഷം മുൻപ് ഫലം കണ്ട പദ്ധതിയായിരുന്നു. പെൺനായ്ക്കളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന പദ്ധതിയാണിത്. തെരുവുനായ്ക്കുട്ടികളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് കൊടുത്ത് വീട്ടിൽ വളർത്താൻ നൽകി തെരുവുനായ് നിയന്ത്രണം ഫലപ്രദമാക്കാനാകും. പക്ഷേ, പല കാരണങ്ങളാൽ ഇത് തുടക്കത്തിലേ നിറുത്തി.
ഈ പദ്ധതി നടപ്പാക്കാനുള്ള പ്രായം എട്ട് മുതൽ 12 ആഴ്ച വരെയാണ്. പൂർണ്ണമായും ഫലപ്രദമാകാൻ അഞ്ച് വർഷം മതി. പദ്ധതി 2010ൽ തുടങ്ങി 2012ൽ 50 നായ്ക്കളിൽ നടപ്പാക്കിയെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. 1994 മുതൽ നടപ്പാക്കിയ എ.ബി.സി ഫലം കാണാതെ വന്നപ്പോഴാണ് എൻഡ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇത് വിജയം കണ്ടിട്ടും എന്തുകൊണ്ട് തുടർന്നില്ല എന്ന ചോദ്യത്തിന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരമില്ല.
വന്ധ്യംകരിക്കാനുള്ള ചെലവ്: 2100 രൂപ
ജൂൺ വരെയുള്ള (സംസ്ഥാനം) വന്ധ്യംകരണ കണക്ക്: 18852
സംസഥാനത്ത് വാക്‌സിൻ
നൽകിയ കണക്ക്
തെരുവ് നായ്ക്കൾ: 33363 
വളർത്തു നായ്ക്കൾ: 4.7 ലക്ഷം