dog

നിർമ്മാണത്തിന് 'ശൗര്യം' പോരെന്ന്

തൃശൂർ: ചാവക്കാട്, വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലും മാള ബ്‌ളോക്കിലും മാത്രമല്ല കൂടുതൽ ബ്‌ളോക്കുകളിൽ തെരുവുനായ് വന്ധ്യംകരണ നിർമ്മാണകേന്ദ്രം തുടങ്ങിയേക്കും. വെള്ളാങ്ങല്ലൂരിൽ സ്ഥലം ലഭ്യമായാൽ ഉടൻ പണി തുടങ്ങാനാകും. അതേസമയം, മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ, കഴിഞ്ഞ ജൂണിൽ തീരുമാനിച്ചെങ്കിലും എൺപത് ശതമാനം നിർമ്മാണമെങ്കിലും പൂർത്തിയായത് ഒരിടത്ത് മാത്രമാണ്. വന്ധ്യംകരണം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും തെരുവുനായ് ആക്രമണം കൂടുന്ന സാഹചര്യത്തിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ആറ് മാസമായി വൈകുന്നത്.
ചാവക്കാട് മൃഗാശുപത്രിയോട് ചേർന്നുള്ള കേന്ദ്രമാണ് ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കിയത്. ഇത് ജനുവരിയിൽ തുറക്കാനായേക്കും.

അതേസമയം, മാളയിൽ നാൽപ്പത് ശതമാനത്തോളം പണി പൂർത്തിയായെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണം ഇവിടെ പണി പൂർത്തിയാകാൻ. അതേസമയം, മണ്ണിടിയുന്നതിനാൽ നിർമ്മാണപ്രവർത്തനം നടത്താനാവില്ലെന്ന നിർദ്ദേശത്തെ തുടർന്ന് വടക്കാഞ്ചേരിയിൽ നിർമ്മാണം ഒന്നുമായിട്ടില്ല. ജില്ലാ പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപനങ്ങളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന എ.ബി.സി പദ്ധതി ഊർജ്ജിതമാക്കുന്നതിന് കഴിഞ്ഞ ജൂണിൽ ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞദിവസം ചെറുതുരുത്തിയിൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചു കൊന്നിരുന്നു. വാടാനപ്പിള്ളിയിലും തൃശൂർ നഗരത്തിലും അടക്കം തെരുവുനായ് ശല്യമുണ്ട്.

പറവട്ടാനിയിൽ മാത്രം

നിലവിൽ തൃശൂർ കോർപ്പറേഷന്റെ പറവട്ടാനി കേന്ദ്രത്തിൽ മാത്രമാണ് വന്ധ്യംകരണം നടപ്പാക്കുന്നത്. അതുകൊണ്ട് മറ്റ് പഞ്ചായത്തുകളിൽ നിന്ന് നായ്ക്കളെ പിടികൂടി ഇവിടെയെത്തിക്കുന്നത് പ്രായോഗികമല്ല. പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ തെരുവുനായ്ക്കളെ പിടികൂടിയാണ് നിലവിലുള്ള മൃഗാശുപത്രിയോട് ചേർന്ന് തുടങ്ങുന്ന കേന്ദ്രങ്ങളിലെത്തിക്കുക. ഡോക്ടർ അടക്കമുള്ള സംഘം വന്ധ്യംകരണം നടത്തിയ ശേഷം നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.

കേന്ദ്രത്തിന് വേണ്ടത്

ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായ്ക്കളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്‌സും അറ്റൻഡറും അടക്കം അഞ്ച് ജീവനക്കാർ

ഫണ്ട് പ്രശ്നമല്ല


ചെലവ് പഞ്ചായത്തുകളിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കുള്ള ഫണ്ട് വഴി
കഴിഞ്ഞവർഷം ഈ പണം പഞ്ചായത്തുകൾക്ക് ചെലവഴിക്കാനായില്ല.
ഈ വർഷവും പഞ്ചായത്തുകൾ പണം മാറ്റിയിട്ടുള്ളതിനാൽ ഫണ്ട് പ്രശ്‌നമല്ല
ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ ചെലവ്: 2100 രൂപ
മൂന്ന് കേന്ദ്രങ്ങൾക്ക് ചെലവ്: 1.5 കോടി

നായ്ക്കളെ പിടിക്കാൻ: 50 കുടുംബശ്രീക്കാർ

കൂടുതൽ ബ്‌ളോക്കുകളിൽ കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് വെള്ളാങ്ങല്ലൂരിൽ ആരംഭിക്കാൻ ശ്രമിക്കുന്നത്. സ്ഥലം വാങ്ങിയാൽ അവിടെ നിർമ്മാണം തുടങ്ങാനാവും. ചാവക്കാട് ഉടനെ കേന്ദ്രം പ്രവർത്തിക്കാനാവും. മാളയിലും മൂന്ന് മാസത്തിനകം തുടങ്ങാനാകും.

പി.കെ.ഡേവിസ്
ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌