marshaal

തൃശൂർ: വാർദ്ധക്യത്തിന്റെ ചുളിവേറ്റ മുഖങ്ങളിൽ പുഞ്ചിരി വിടർന്നു, അവശതകൾ മറന്ന് അവർ സന്തോഷവാന്മാരായി. മുതിർന്നവരും ഇളംതലമുറക്കാരായ വിദ്യാർത്ഥികളും ചേർന്നുള്ള വേറിട്ട ദിനാചരണം അവിസ്മരണീയമായി. 'സ്‌നേഹക്കൂട് ' വയോജനങ്ങളോടൊപ്പം ഒരുദിനം എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി തൃശൂർ സെന്റ് തോമസ് കോളേജിലെ സോഷ്യൽവർക്ക് ഡിപ്പാർട്ട്‌മെന്റ് ഒന്നാം വർഷ വിദ്യാർത്ഥികൾ കൊളങ്ങാട്ടുക്കര ബഥനിഭവൻ വൃദ്ധമന്ദിരം സന്ദർശിക്കുകയായിരുന്നു.

വിദ്യാർത്ഥി പങ്കാളിത്ത പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം, അനുഭവങ്ങൾ, പ്രശ്‌നങ്ങൾ, നിയമ പരിരക്ഷ, അവകാശങ്ങൾ എന്നിവ കൂടുതൽ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്.
സൈക്യാട്രിക് സോഷ്യൽവർക്കർ മാർഷൽ സി. രാധാകൃഷ്ണൻ സോഷ്യൽവർക്ക് വിദ്യാർത്ഥികൾക്കും സ്ഥാപനത്തിലെ മുതിർന്ന താമസക്കാർക്കുമായി ബോധവത്കരണ സെഷൻ നയിച്ചു.
സോഷ്യൽ വർക്ക് വിഭാഗം സ്റ്റാഫ് കോ- ഓർഡിനേറ്റർ സിസ്റ്റർ അനുമോൾ ജോസഫ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജിജോ കുരുവിള, ബഥനിഭവൻ സുപ്പീരിയർ സിസ്റ്റർ റേജിസ് മാത്യു, സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ അന്ന ജോർജ്, അഷിക ഫർസാന, ജിൻജ നിക്‌സൺ സംസാരിച്ചു.